Last Updated:
ബുധന്‍, 31 ഡിസംബര്‍ 2014 (15:46 IST)
ശ്രീനിവാസനെതിരായ സംവിധായകന്‍ രാജീവ് രവിയുടെ പരാമര്‍ശങ്ങളും അതിനുള്ള പ്രതികരണങ്ങളുമൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയമാണല്ലോ. ശ്രീനി തിരക്കഥയെഴുതിയ 'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന സിനിമ സമ്മിശ്രപ്രതികരണങ്ങളുമായി മുന്നേറുകയും ചെയ്യുന്നു. ശ്രീനി എന്ന തിരക്കഥാകൃത്ത് എഴുത്ത് കുറച്ചിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിലെ തിരക്കഥാകൃത്തിന്‍റെ മഹത്വം ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ കമല്‍.
"ശ്രീനിവാസന് എന്തും വഴങ്ങും. സ്വന്തമായി സംവിധാനംചെയ്യുമ്പോള്‍ അതില്‍ ശ്രീനിയുടേതായൊരു ശൈലി കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. എന്തും വഴങ്ങുന്ന വലിയൊരു എഴുത്തുകാരനാണ് ശ്രീനിവാസന്‍. ചലച്ചിത്രകാരനെന്ന നിലയില്‍ ആവര്‍ത്തിച്ചാവര്‍ ത്തിച്ച് കാണാനിഷ്‌ടപ്പെടുന്ന എന്‍റെ സിനിമയാണ് അഴകിയ രാവണന്‍. അത് ശ്രീനിവാസന്റെ സ്‌ക്രിപ്‌റ്റാണ്. അത്തരമൊരു സിനിമ എന്തുകൊണ്ട് ഇപ്പോള്‍ സംഭവിക്കുന്നില്ല എന്നു ചോദിച്ചാല്‍, ശ്രീനിവാസനെ നമുക്ക് കിട്ടുന്നില്ല എന്നാണുത്തരം. ശ്രീനി ശ്രീനിയുടേതായൊരു ഇടത്തിലേക്ക് ഒതുങ്ങുന്നതാണോ എന്ന് അറിയില്ല. ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നുണ്ട് ശ്രീനി. പല സംവിധായകര്‍ക്കും പഴയ പോലെ ശ്രീനിയെ കിട്ടുന്നില്ലെന്നുള്ളത് ശരിയാണ്" - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ കമല്‍ പറയുന്നു.
"പാവം പാവം രാജകുമാരന്‍ കഴിഞ്ഞപ്പോള്‍ ശ്രീനിക്ക് എന്നില്‍ തോന്നിയ ഒരു വിശ്വാസമായിരിക്കാം തുടര്‍ന്നും സിനിമ ചെയ്യാം എന്ന് പറഞ്ഞത്. ശ്രീനിയോടൊപ്പം ഇരുന്നപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട ഒരു കാര്യമുണ്ട് - 'നിങ്ങള്‍ സത്യന്‍ അന്തിക്കാടിനായി ചെയ്യുമ്പോള്‍ അതിനൊരു ശൈലിയുണ്ട്. അതില്‍ എനിക്ക് സ്പേസ് ഇല്ല. എനിക്ക് എന്‍റേതായൊരു സ്പേസില്‍ ശ്രീനിവാസനെ വേണം' - അങ്ങനെയാണ് അഴകിയ രാവണനും ചമ്പക്കുളം തച്ചനുമൊക്കെ ഉണ്ടാകുന്നത്" - ഈ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കുന്നു.