ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വില്ലന്‍ നടനാണ് പ്രകാശ് രാജ്. കോടികളാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹത്തിന്‍റെ പ്രതിഫലം. എന്നാല്‍ മലയാളത്തിലും കാഞ്ചീവരം പോലുള്ള നല്ല സിനിമകളിലും പ്രതിഫലം നോക്കാതെ അദ്ദേഹം അഭിനയിക്കാറുണ്ട്.
പുതിയ വാര്‍ത്ത കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാറ്റ്‌റാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ്. സൂര്യ നായകനാകുന്ന മാറ്റ്‌റാനില്‍ പ്രധാന വില്ലന്‍ വേഷമാണ് പ്രകാശ് രാജ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കവേ പ്രകാശ് രാജിനെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കെ വി ആനന്ദ് നിര്‍ബന്ധിതനായിരിക്കുന്നു.
ചിത്രത്തില്‍ പ്രകാശ് രാജിന് പ്രത്യേക ലുക്കാണ്. അതിനായി പുതിയ രീതിയിലുള്ള വിഗ്ഗ് ആണ് സംവിധായകന്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയ പ്രകാശ് രാജ് തന്‍റെ വിഗ്ഗ് കണ്ട് അതില്‍ അതൃപ്തി പ്രകടിപ്പിച്ചു. തനിക്ക് ചേരാത്ത വിഗ്ഗ് ആണിതെന്നും ഇതുവച്ച് അഭിനയിച്ചാല്‍ അത് തന്‍റെ പ്രകടനത്തെ ബാധിക്കുമെനും പ്രകാശ് രാജ് സംവിധായകനെ അറിയിച്ചു.
എന്നാല്‍ കടുംപിടുത്തക്കാരനായ സംവിധായകനാണ് ആനന്ദ്. താന്‍ ഒന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അത് മറ്റാര് വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല എന്ന നിലപാടുള്ള ആള്‍. പ്രകാശ് രാജിന്‍റെ അഭിപ്രായ പ്രകടനം ആനന്ദിന് ഇഷ്ടമായില്ല. ‘ആ കഥാപാത്രത്തിന് യോജിച്ച വിഗ്ഗ് ഇതാണ്’ എന്ന് ആനന്ദ് അറിയിച്ചു. പ്രകാശ് രാജ് കോപാകുലനായി ലൊക്കേഷനില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
സാധാരണ, പ്രകാശ് രാജിനെപ്പോലെ ഒരാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ അത് ടീമിനെ മൊത്തത്തില്‍ ബാധിക്കേണ്ടതാണ്. എന്നാല്‍ രണ്ടുദിവസം ഷൂട്ടിംഗിന് ബ്രേക്ക് പറഞ്ഞ സംവിധായകന്‍ മൂന്നാം ദിവസം പ്രകാശ് രാജിന് പകരം ആളെ കണ്ടെത്തി. ബോളിവുഡ് താരം സച്ചിന്‍ ഖേദ്‌കര്‍. ‘ദൈവത്തിരുമകള്‍’ എന്ന ചിത്രത്തില്‍ അമല പോളിന്‍റെ പിതാവായി അഭിനയിച്ചത് സച്ചിന്‍ ഖേദ്കറാണ്. ആ സിനിമയിലെ പ്രകടനം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഷൂട്ടിംഗ് ഇപ്പോള്‍ സ്മൂത്തായി മുന്നോട്ടുപോകുന്നു. സൂര്യ ഈ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കഥാപത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.
വാല്‍ക്കഷണം: ‘കോ’ എന്ന ചിത്രത്തില്‍ സംവിധായകന്‍ കെ വി ആനന്ദ് ആദ്യം നായകനായി നിശ്ചയിച്ചത് ചിലമ്പരശനെയായിരുന്നു. എന്നാല്‍ ചിമ്പു ചില ഡിമാന്‍ഡുകള്‍ മുന്നോട്ടുവച്ചു. നായികാസ്ഥാനത്തു നിന്ന് കാര്‍ത്തികയെ മാറ്റണമെന്നായിരുന്നു ചിമ്പുവിന്‍റെ പ്രധാന നിര്‍ദ്ദേശം. ആനന്ദ് നായികയെ മാറ്റിയില്ല, പകരം നായകസ്ഥാനത്തുനിന്ന് ചിമ്പുവിനെ മാറ്റി. ചിമ്പുവിന് പകരം ‘കോ’യില്‍ ഹീറോ ആയ ജീവ ഇപ്പോള്‍ ആ ഒരൊറ്റച്ചിത്രത്തിലൂടെ ചിമ്പുവിന്‍റെ താരപദവിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന താരമായി മാറി. നായകനെപ്പോലും ഈസിയായി പ്രൊജക്ടില്‍ നിന്നൊഴിവാക്കാന്‍ ധൈര്യമുള്ള സംവിധായകന് വില്ലനെ മാറ്റാനാണോ പ്രയാസം!