Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (16:35 IST)
രാജ്യമെങ്ങും 'ഐ' മാനിയ പടരുകയാണ്. 180 കോടി രൂപ മുതല്‍ മുടക്കിയെത്തുന്ന ഈ ഷങ്കര്‍ - വിക്രം മാജിക് കേരളത്തിലും വിസ്മയവിജയം നേടുമെന്നാണ്
പ്രതീക്ഷ. കേരളത്തില്‍ ഇതുവരെ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിതരണാവകാശത്തുകയാണ് ഐക്ക് ലഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 22ന്‍
ഐ പ്രദര്‍ശനത്തിനെത്തുമെന്നാണ്
വിവരം. ലോകമെമ്പാടുമായി 5000 സ്ക്രീനുകളിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ഐയുടെ റിലീസ് പ്രമാണിച്ച് മറ്റ് പല ചിത്രങ്ങളും റിലീസ് മാറ്റിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരു മമ്മൂട്ടിച്ചിത്രവുമുണ്ട് എന്നതാണ് കൌതുകമുണര്ത്തുന്ന വാര്ത്ത.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ' വര്‍ഷം ' എന്ന സിനിമയാണ്
'ഐ പേടി' കാരണം റിലീസ് മാറ്റാന്‍ ആലോചിക്കുന്നത്. വര്‍ഷത്തിന്റെ റിലീസ് നേരത്തേ ഒക്ടോബര്‍ 23നാണ്
നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ഒക്ടോബര്‍ 30നു മാത്രമേ വര്‍ഷം റിലീസ് ചെയ്യുകയുള്ളൂ.
വലിയ വിജയപ്രതീക്ഷയുള്ള ഒരു സിനിമയാണ് വര്‍ഷം. ഐയുടെ ഓളത്തില്‍ ആ വിജയത്തിന്റെ പ്രഭ കുറയ്ക്കരുതെന്ന് രഞ്ജിത് ശങ്കറിനും മമ്മൂട്ടിക്കുമെല്ലാം നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് വര്‍ഷം റിലീസ് നീട്ടിവയ്ക്കുന്നത്.
ഒരുപാട് സിനിമകള്‍ പരാജയപ്പെട്ട ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മമ്മൂട്ടി. മംഗ്ളീഷ്, മുന്നറിയിപ്പ്, രാജാധിരാജ എല്ലാം ഹിറ്റുകള്‍. രാജാധിരാജ മൂന്നാഴ്ച കൊണ്ട് ഒമ്പത് കോടി രൂപയാണ്
സമ്പാദിച്ചത്.
ധ്രുവം, സൈന്യം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ച ഒരു പൂര്‍വകാലമുണ്ട് വിക്രമിന്. ഇപ്പോള്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ റിലീസ് മാറ്റത്തക്ക വിധത്തില്‍ വിക്രം വളര്‍ന്നിരിക്കുന്നു!