ന്യൂഡല്‍ഹി|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (09:38 IST)
കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തുവാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ ദീര്‍ഘനാളായി നേരിടുന്ന ഒരു തര്‍ക്ക വിഷയമാണ് കശ്മീര്‍. മേഖലയിലെ പ്രശ്നപരിഹാരത്തിന് ജനഹിത പരിശോധന ആവശ്യമാണെന്നും പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്നും ഷെരീഫ് പറഞ്ഞു.
ജമ്മുകശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന് ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. ആ ഉറപ്പ് നിറവേറുമെന്ന പ്രതീക്ഷയിലാണ് കശ്മീര്‍ ജനത. പല തലമുറകളായി കാശ്മീരികള്‍ കലാപവും മൗലികാവകാശ ലംഘനവും നേരിടുകയാണ്. പ്രത്യേകിച്ചും, സ്ത്രീകളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. സ്വയം നിര്‍ണയത്തിനുള്ള കാശ്മീര്‍ ജനതയുടെ അവകാശത്തിനെ പിന്തുണയ്ക്കുകയെന്നതില്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബന്ധമാണ്. കശ്മീരിന്റെ കാതലായ പ്രശ്നം പരിഹരിക്കപ്പെടണം. ഇത് അന്താരാഷ്ട്ര സമൂഹത്തിന്രെ ഉത്തരവാദിത്തമാണെന്നും ഷെരീഫ് പറഞ്ഞു.
ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ തന്നെ യുഎസില്‍ വച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുകയില്ലെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പാശ്ചാത്തലത്തില്‍ കൂടിയായിരുന്നു നവാസ് ഷെരീഫിന്റെ പൊതു അസംബ്ലിയിലുള്ള പ്രസംഗം.