ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന ചിത്രത്തില്‍ നമിത പ്രമോദ് നായികയാകുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍. മമ്മൂട്ടിച്ചിത്രമായ ഇമ്മാനുവലിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതിയ തീരങ്ങള്‍, സൌണ്ട് തോമ എന്നീ ചിത്രങ്ങള്‍ ശേഷം നമിത പ്രമോദ് നായികയാകുന്ന സിനിമയാണ് ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’.
“പുള്ളിപ്പുലികളുടെ തിരക്കഥാരചന നടന്നുകൊണ്ടിരിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയായതിന് ശേഷമേ എനിക്ക് ആ സിനിമയേക്കുറിച്ച് കൂടുതല്‍ പറയാനാകൂ. എന്നെ സംബന്ധിച്ചിടത്തോളം, സെലക്ടീവാകുക എന്നതില്‍ എനിക്ക് വലിയ വിശ്വാസമില്ല. എന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ സവിശേഷതകള്‍ പ്രവചിക്കാന്‍ എനിക്ക് കഴിയില്ല. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ ഓരോ എഴുത്തുകാര്‍ക്കും അവരുടേതായ ശൈലികളുണ്ട്” - നമിത വ്യക്തമാക്കി.
“നാല് സഹോദരന്‍മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. മുതിര്‍ന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്‍റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍ അഭിനയിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല” - കുഞ്ചാക്കോ ബോബന്‍ അറിയിച്ചു.
പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയാണിത്. ഒരു ലാല്‍ ജോസ് ചിത്രം ആദ്യമായാണ് കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത്. എം സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയും സിന്ധുരാജിന്‍റെ തിരക്കഥയായിരുന്നു.
“ഞാനും സിന്ധുരാജും ആലപ്പുഴക്കാരാണ്. ഞങ്ങള്‍ക്ക് ഏറെ പരിചിതമായ സ്ഥലങ്ങളിലാണ് ചിത്രീകരണം. അതുകൊണ്ടുതന്നെ ഈ സിനിമ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്” - കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
എല്‍സമ്മ എന്ന ആണ്‍കുട്ടിയും സ്പാനിഷ് മസാലയുമായിരുന്നു കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിച്ച ചിത്രങ്ങള്‍. ഇതില്‍ ‘എല്‍സമ്മ’ ചാക്കോച്ചന്‍റെ പുതിയൊരു മുഖം അനാവരണം ചെയ്ത സിനിമയായിരുന്നു. ആ സിനിമയോടെയാണ് ചാക്കോച്ചന്‍ ചോക്ലേറ്റ് വേഷങ്ങള്‍ ഉപേക്ഷിച്ച് വഴിമാറി നടക്കാന്‍ തുടങ്ങിയത്.