ലാല്‍ ചുവടുമാറുന്നു, ഇനി മമ്മൂട്ടിച്ചിത്രം

WEBDUNIA|
PRO
നടനും സംവിധായകനുമായ ലാല്‍ ഒരു പുനരാലോചനയിലാണ്. ഇനി ഏറെ സമയമെടുത്ത് തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം മതി സംവിധാനം. ടൂര്‍ണമെന്‍റിന്‍റെ പരാജയമാണ് ലാലിനെ ഇങ്ങനെ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്‍റും ആയിരുന്നെങ്കിലും ടൂര്‍ണമെന്‍റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു. തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ‘ടു ഹരിഹര്‍ നഗര്‍’ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ വിജയം ആവര്‍ത്തിക്കാനും ലാലിന് കഴിഞ്ഞു. എന്നാല്‍ അമിതമായ ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്‍റുമായി എടുത്തുചാടിയപ്പോള്‍ തിരിച്ചടി ലഭിച്ചു. ഇനി സാവാധാനം ഒരു മികച്ച തിരക്കഥ തയ്യാറാക്കി അത് ഗംഭീരമായി അവതരിപ്പിക്കണമെന്നാണ് ലാലിന്‍റെ ആഗ്രഹം.

പുതുമകളുടെ സുല്‍ത്താനായ മമ്മൂട്ടിയെയാണ് ലാല്‍ അതിന് കൂട്ടുപിടിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കോമഡിത്രില്ലറിന്‍റെ രചനയിലാണ് ഇപ്പോള്‍ ലാല്‍. 2012 വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാ‍നാണ് ലാലിന്‍റെ തീരുമാനം. ലാല്‍ ക്രിയേഷന്‍സ് തന്നെയാണ് നിര്‍മ്മാണം.

ഹിറ്റ്ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍‌വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്‌നറാണ് ലാ‍ലിന്‍റെ ലക്‍ഷ്യം, മമ്മൂട്ടിയുടേതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :