ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതുകൊണ്ട് കാര്യമില്ല!

WEBDUNIA|
PRO
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും തുടര്‍ന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കണമെന്നും യുവനായിക മാണിക്യം മൈഥിലി. നല്ല കഥാപാത്രങ്ങളെ ലഭിക്കാത്തതില്‍ ദുഃഖമുണ്ടെങ്കിലും വരാന്‍ പോകുന്ന ചില പ്രൊജക്ടുകളില്‍ വിശ്വാസമുണ്ടെന്നും മൈഥിലി പറയുന്നു.

“മമ്മുക്കയുടെയും ലാലേട്ടന്‍റെയും കൂടെ അഭിനയിക്കാന്‍ സാധിച്ചു. ഇനിയും അവര്‍ക്കൊപ്പം അഭിനയിക്കണമെന്നുണ്ട്. പക്ഷേ, അവരോടൊപ്പം അഭിനയിച്ചു എന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. തുടര്‍ന്നും നല്ല വേഷങ്ങള്‍ ലഭിക്കണം” - മൈഥിലി വ്യക്തമാക്കി.

മമ്മൂട്ടിക്കൊപ്പം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മൈഥിലി മോഹന്‍ലാലിന്‍റെ ശിക്കാറിലും അഭിനയിച്ചു. എന്നാല്‍ ശിക്കാറില്‍ അഭിനയിച്ചെങ്കിലും തന്‍റെ പല സീനുകളും ആ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയെന്ന പരാതി മൈഥിലിക്കുണ്ട്.

“വളരെ നല്ല കഥാപാത്രമായിരുന്നു ശിക്കാറില്‍. ആദ്യം തീരുമാനിച്ച ക്ലൈമാക്സ് സീക്വന്‍സ് മാറ്റിയപ്പോള്‍ എന്‍റെ പല സീനുകളും കട്ട് ചെയ്തു. എടുക്കാനിരുന്ന പല രംഗങ്ങളും എടുത്തില്ല. എനിക്ക് നല്ല സങ്കടം തോന്നി. ഞാന്‍ അത് സംവിധായകനോട് പറയുകയും ചെയ്തിരുന്നു.” - മൈഥിലി പറഞ്ഞു.

ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങാനാകും എന്ന ആത്മവിശ്വാസം മൈഥിലിക്കുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’ എന്ന ചിത്രത്തില്‍ വളരെ ഗ്ലാമറസായാണ് മൈഥിലി വേഷമിടുന്നത്.

“ഇവിടെ ജീന്‍സിട്ടാലും ഗ്ലാമര്‍ എന്നല്ലേ പറയുക? തമിഴ് സിനിമയിലൊക്കെ ഗ്ലാമര്‍ അല്ലെങ്കില്‍ സെക്സി എന്നൊക്കെ പറഞ്ഞാല്‍ വയറൊക്കെ കാണിച്ച് അഭിനയിക്കണം. പാലേരി മാണിക്യത്തില്‍ തന്നെ പകുതി ഗ്ലാമറല്ലേ? സെക്സിയായി വേഷം ധരിച്ചിരുന്നു. പക്ഷേ ആ സിനിമയില്‍ അങ്ങനെ തോന്നിയില്ല. വേഷങ്ങളിലല്ല, വള്‍ഗറായി തോന്നുന്നുണ്ടോ എന്നതിലാണ് കാര്യം. എന്തായാലും ഓവര്‍ ആയി സെക്സിയാകാന്‍ ഞാന്‍ ഇല്ല. നമ്മുടെ മാന്യത വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മൈഥിലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :