മോഹന്‍ലാല്‍ കച്ചവടവത്കരിക്കപ്പെട്ടു, കാണാന്‍ പോലും കഴിയാത്ത അവസ്ഥ, മോഹന്‍ലാലിനെ കാത്തിരുന്ന് മടുത്ത് പലരും മടങ്ങുന്നു, പഴയ ലാല്‍ ഇപ്പോഴില്ല; സംവിധായകന്‍ തുറന്നടിക്കുന്നു!

Mohanlal, Thampy Kannanthanam, Mammootty, Dileep, Nana, Joshiy, മോഹന്‍ലാല്‍, തമ്പി കണ്ണന്താനം, മമ്മൂട്ടി, ദിലീപ്, നാന, ജോഷി
Last Updated: ചൊവ്വ, 9 ഫെബ്രുവരി 2016 (15:13 IST)
മലയാളത്തിന്‍റെ അഭിമാനതാരമാണ് മോഹന്‍ലാല്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മലയാളത്തിലെ ഏറ്റവും വലിയ താരമെന്ന സിംഹാസനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. താരം എന്നതിലുപരി മഹാനായ നടനുമാണ് മോഹന്‍ലാല്‍. എന്നാല്‍ പഴയകാലത്തെ മോഹന്‍ലാലിനെ അദ്ദേഹത്തിനുതന്നെ നഷ്ടപ്പെട്ടതായി സംവിധായകന്‍ തമ്പി കണ്ണന്താനം പറയുന്നു. ഇന്ന് കച്ചവടവത്കരിക്കപ്പെട്ട മോഹന്‍ലാലിനെ മാത്രമേ കാണാനാവൂ എന്ന് വേദനയോടെ തമ്പി തുറന്നുപറയുന്നു. ‘രാജാവിന്‍റെ മകന്‍’ എന്ന മെഗാഹിറ്റിലൂടെ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകനാണ് തമ്പി കണ്ണന്താനം.

“മോഹന്‍ലാല്‍ ഇന്ന് കടന്നുപോകുന്ന വഴികള്‍ കാണുമ്പോള്‍ ഒരല്‍പ്പം അലോസരം എന്നില്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു നടനില്‍നിന്നുപോലും അദ്ദേഹം അകന്നുപോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ലാല്‍ കച്ചവടവത്കരിക്കപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തമ്പി കണ്ണന്താനം പറയുന്നു.

“എന്നേപ്പോലെ സീനിയേഴ്സായ പല സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ കഴിയില്ലെന്ന് വന്നിരിക്കുന്നു. ഒരു പ്രത്യേക സംരക്ഷണ വലയത്തിനുള്ളിലാണ് അദ്ദേഹം. അത് ബ്രേക്ക് ചെയ്യാന്‍ കടമ്പകള്‍ ഏറെയാണ്. അതുകൊണ്ട് പലരും മടുത്ത് മടങ്ങുകയാണ്. ആ വണ്ടി ഇനി ഈ വഴി വരില്ലെന്ന് മനസിലാക്കിയിട്ട് കാത്തിരിപ്പുതന്നെ അവസാനിപ്പിച്ചവരുണ്ട്. ലാലിനെ എന്തിനാണ് ഇങ്ങനെ സ്വര്‍ണക്കൂട്ടില്‍ അടച്ചിരിക്കുന്നത്?” - തമ്പി ചോദിക്കുന്നു.

“കുറച്ചുനാളുകള്‍ക്ക് മുമ്പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് ലാലിനെ കണ്ടപ്പോള്‍ ഞാന്‍ മുമ്പുപറഞ്ഞ ഒരു കഥയെക്കുറിച്ച് ആലോചിച്ച് വയ്ക്കണമെന്ന് പറഞ്ഞു. അതിന് ലാല്‍ തന്ന മറുപടി അതിശയിപ്പിക്കുന്നതായിരുന്നു - “ഞാന്‍ ഇവിടുന്ന് പുറപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എന്‍റെ മനസില്‍ സിനിമയേ ഉണ്ടാവുകയില്ല”. ലാല്‍ എത്രമാത്രം മാറിപ്പോയെന്ന് ഞാന്‍ ആലോചിച്ചു. ലാലിന് സിനിമയെ മറക്കാന്‍ കഴിയുമോ? ലാലിന് എല്ലാം കൊടുത്തത് സിനിമയല്ലേ? ഇപ്പോള്‍ കാണുന്ന ലാലിനെ എനിക്ക് പരിചയമേ ഇല്ല. ആ പഴയ ലാലിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ ഒരു വെള്ളിവര മാത്രമേ ഉള്ളൂ” - തമ്പി വ്യക്തമാക്കുന്നു.

“ഇടയ്ക്ക് ചില കഥകളുടെ ചിന്തകള്‍ വരുമ്പോള്‍ ഞാന്‍ ലാലിനെ പോയി കാണും. അപ്പോള്‍ ലാല്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉന്നയിക്കും. തടസ്സങ്ങളുടെ പിന്നിലുള്ള കാര്യങ്ങളില്‍ ഞാന്‍ ബോധവാനായതുകൊണ്ട് പിന്നെ തര്‍ക്കിക്കാനും നില്‍ക്കാറില്ല. മുമ്പുമതേ, മോഹന്‍ലാലിനെ ഞാന്‍ വിളിച്ചുചോദിച്ചിട്ടല്ല പോയി കണ്ടിരുന്നത്. മദ്രാസില്‍ ചെന്നാല്‍ നേരെ പോയി കാണുകയാണ്. ഇന്നാണെങ്കില്‍ ലാല്‍ ഉള്ളിടത്ത് കാണാന്‍ ചെന്നാലും കാണാന്‍ കഴിയാതെ തിരിച്ചുവരേണ്ട അവസ്ഥയാണ്. അത് വേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഞാന്‍ അതിനുവേണ്ടി കാത്തുനില്‍ക്കാറുമില്ല” - നാനയ്ക്കു വേണ്ടി കെ സുരേഷിന് അനുവദിച്ച അഭിമുഖത്തില്‍ തമ്പി കണ്ണന്താനം വ്യക്തമാക്കുന്നു.

രാജാവിന്‍റെ മകന്‍, ഭൂമിയിലെ രാജാക്കന്‍‌മാര്‍, വഴിയോരക്കാഴ്ചകള്‍, ഇന്ദ്രജാലം, മാന്ത്രികം, നാടോടി, ഒന്നാമന്‍ തുടങ്ങിയ മോഹന്‍ലാല്‍ ഹിറ്റുകള്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :