Last Modified ശനി, 6 ഫെബ്രുവരി 2016 (18:18 IST)
മഹേഷിന്‍റെ പ്രതികാരം ഒരു മികച്ച സിനിമ എന്ന പേരുനേടി മുന്നേറുകയാണ്. ആഷിക് അബു നിര്‍മ്മിച്ച്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ഫഹദ് ഫാസില്‍ ചിത്രം ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. എന്നാല്‍ പടം വിജയിക്കുന്നതിനൊപ്പം ഒരു വിവാദവും
വളരുകയാണ്. സിനിമ മോഹന്‍ലാലിനെ അധിക്ഷേപിച്ചു എന്ന ആരോപണവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തി.
ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍ പറയുന്ന ഒരു ഡയലോഗാണ് വിവാദമായിരിക്കുന്നത്. “ഞാന്‍ ലാലേട്ടന്‍റെ ഫാനാ. കാരണം മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പൊലീസ്, രാജാവ്, പൊട്ടന്‍ എല്ലാം... പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല”
- എന്ന ഡയലോഗാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവിന്‍റേ സോഷ്യല്‍ മീഡിയ പേജില്‍ മോഹന്‍ലാല്‍ ആരാധകര്‍ പൊങ്കാലയിടുകയാണ്.
എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന അതുല്യപ്രതിഭയാണ് മോഹന്‍ലാലെന്ന് ഉദാഹരണ സഹിതം മോഹന്‍ലാല്‍ ആരാധകര്‍ വ്യക്തമാക്കുന്നു. ദേവാസുരവും നരസിംഹവും ചെയ്യുന്ന മോഹന്‍ലാല്‍ തന്നെയാണ് പരദേശിയും മുളമൂട്ടില്‍ അടിമയും പാദമുദ്രയും ഉയരും ഞാന്‍ നാടാകെയും നിന്നിഷ്ടം എന്നിഷ്ടവുമെല്ലാം ചെയ്തതെന്ന് അവര്‍ പറയുന്നു.
ഇനി ഇത്തരം അവഹേളനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പലരും കമന്‍റുകളിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കുന്നു. മഹേഷിന്‍റെ പ്രതികാരം ഒരു നല്ല സിനിമയാണെന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും തര്‍ക്കമൊന്നുമില്ല. എന്നാല്‍ അവരുടെ താരദൈവത്തിനെതിരായ പരാമര്‍ശത്തില്‍ മാത്രമാണ് പ്രതിഷേധം.