ഭാര്യ ജോലിക്കുപോകും, സമ്പാദിക്കും; ഭര്‍ത്താവ് അടുക്കളക്കാര്യങ്ങള്‍ നോക്കും; ഇങ്ങനെ ഒരു കുടുംബത്തെ പരിചയപ്പെടാം!
Last Updated:
തിങ്കള്‍, 15 ഫെബ്രുവരി 2016 (17:23 IST)
സ്ത്രീയും പുരുഷനും അല്ലെങ്കിലും ഭാര്യയ്ക്കും ഭര്‍ത്താവിനും സമൂഹം കല്‍പ്പിച്ചുനല്‍കിയ ഒരു ചട്ടക്കൂടുണ്ട് ഇന്ത്യയില്‍. അവര്‍ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ജോലി ചെയ്യണമെന്നും സമൂഹം തീരുമാനിച്ചുനല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചില്ലെങ്കില്‍ അവരെ വിചിത്രജീവികളെപ്പോലെ സമൂഹം നോക്കിക്കാണാന്‍ തുടങ്ങും.
ഇവിടെ കിയ എന്ന യുവതിയും കബീര്‍ എന്ന യുവാവും വിവാഹിതരായപ്പോള്‍ സംഭവിച്ചതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. കബീര്‍ പുരുഷനൊക്കെ തന്നെ, പക്ഷേ ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യാനോ പണം സമ്പാദിക്കാനോ ഒന്നും അയാള്‍ക്ക് മനസില്ലായിരുന്നു. അവളാകട്ടെ ജീവിതത്തില്‍ കരിയര്‍ പ്രധാനമാണെന്ന് കരുതുന്നയാളും.
വിവാഹത്തിന് ശേഷം അവള്‍ ജോലിക്കുപോകുകയും സമ്പാദിക്കുകയും ചെയ്യുന്നു. അയാളാകട്ടെ അടുക്കളക്കാര്യങ്ങളും മറ്റും നോക്കി കഴിയുന്നു. അപ്പോഴുണ്ടാകുന്ന രസകരമായ കാര്യങ്ങളാണ് ‘കി ആന്‍റ് കാ’ എന്ന ചിത്രം പറയുന്നത്.
ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കബീറായി അര്‍ജുന്‍ കപൂറും കിയയായി കരീന കപൂറും അഭിനയിക്കുന്നു. ഏപ്രില്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്തുവന്നു.
അമിതാഭ് ബച്ചനും ജയാ ബച്ചനും ചിത്രത്തില്‍ അതിഥി താരങ്ങളാണ്. ഇളയരാജയാണ് സംഗീതം. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്നു.
ചീനി കം, പാ, ഷമിതാഭ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കി ആന്‍റ് കാ.