ബോക്സോഫീസ് ഭരിക്കാന്‍ മോഹന്‍ലാലും സംഘവും

WEBDUNIA|
PRO
ജോഷിയുടെ ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ സെന്‍സര്‍ ചെയ്തു. ‘യു‌എ’ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഈ ബിഗ്ബജറ്റ് സിനിമ 18ന് റിലീസാകുകയാണ്. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. കേരളത്തില്‍ മാത്രം 170 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചെന്നൈയില്‍ ഏഴ് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മൊത്തം 300 പ്രിന്‍റുകള്‍ റിലീസ് ചെയ്യും.

ചിത്രത്തിന്‍റെ റിലീസ് ലോകവ്യാപകമായി നടത്താനാണ് തീരുമാനം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക, യു എ ഇ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ലണ്ടന്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18നു തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശനത്തിനെത്തും. ഒരു മലയാള സിനിമ ലോകവ്യാപകമായി ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.

മലയാള സിനിമയില്‍ ഇത്രയും പെര്‍ഫെക്ഷനുള്ള ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ആദ്യ അഭിപ്രായം. രണ്ടുമണിക്കൂര്‍ 55 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. എന്നാല്‍ വളരെ ഫാസ്റ്റായ മേക്കിംഗാണ് ജോഷി കാഴ്ചവച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയ വമ്പന്‍ താരനിരയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അണിനിരക്കുന്നത്. പൊന്നിന്‍‌വിലയുള്ള തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ട്വന്‍റി20ക്ക് ശേഷം ജോഷിയുമായി ഒത്തുചേരുകയാണ്.

എ വി അനൂപും മഹാ സുബൈറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് വര്‍ണചിത്ര ബിഗ്സ്ക്രീനാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

സിനിമയിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. “മോഹം കൊണ്ടാല്‍ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ...” എന്ന ഗാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :