ബാല്‍ താക്കറെയുടെ ജീവിതം സിനിമയാകുന്നു, ‘സാഹേബ്’ ആയി ബിഗ്ബി?

ബാല്‍ താക്കറെ, അമിതാഭ് ബച്ചന്‍, ബിഗ്ബി, സാഹേബ്, രാഹുല്‍ താക്കറെ
Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (14:19 IST)
ബാല്‍ താക്കറെയുടെ ജീവിതം സിനിമയാകുന്നു. ‘സാഹേബ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ താക്കറെയുടെ ചെറുമകന്‍ രാഹുല്‍ താക്കറെ സംവിധാനം ചെയ്യും. അമിതാഭ് ബച്ചന്‍ ഈ ചിത്രത്തില്‍ ബാല്‍ താക്കറെ ആയി അഭിനയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

രാഹുല്‍ താക്കറെയുടെ മാതാവും ബാല്‍ താക്കറെയുടെ മരുമകളുമായ സ്മിത താക്കറെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാനഡയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദമെടുത്തിട്ടുള്ള രാഹുല്‍ താക്കറെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ സംവിധാന സഹായിയാണ്. തന്‍റെ മുത്തച്ഛനെക്കുറിച്ച് സിനിമയെടുത്തുകൊണ്ട് സംവിധാനത്തില്‍ തുടക്കം കുറിക്കാനാണ് രാഹുല്‍ താക്കറെ ആഗ്രഹിക്കുന്നത്.

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രീകരണം ഈ വര്‍ഷം അവസാനം തുടങ്ങും. 2017 ജനുവരി 23ന് ബാല്‍ താക്കറെയുടെ ജന്‍‌മദിനത്തില്‍ ‘സാഹേബ്’ റിലീസ് ചെയ്യാനാണ് പദ്ധതി. ബാല്‍ താക്കറെയായി മാത്രമല്ല, ഉദ്ദവ് താക്കറെ, രാജ് താക്കറെ, മീന തായ്, സ്മിത താക്കറെ തുടങ്ങി താക്കറെ കുടുംബത്തിലെ പ്രധാനികളായി ആരൊക്കെ അഭിനയിക്കും എന്നതും സിനിമാലോകം കാത്തിരിക്കുന്ന ഒന്നാണ്.

സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് എന്നീ സിനിമകള്‍ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്തപ്പോള്‍ കേന്ദ്ര കഥാപാത്രമായ സുഭാഷ് നാഗ്രെ ആയി അഭിനയിച്ചത് അമിതാഭ് ബച്ചനായിരുന്നു. ആ കഥാപാത്രത്തിന് ബാല്‍ താക്കറെയുമായി ഏറെ സാമ്യം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :