മമ്മൂട്ടി നായകനാകുന്ന പ്രെയ്സ് ദി ലോര്‍ഡ് വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം വലയുന്ന മമ്മൂട്ടിക്ക് ഈ സിനിമയുടെ വിധി നിര്‍ണായകമാണ്. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ സക്കറിയയുടെ കൃതിയെ ആധാരമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഈ സിനിമയ്ക്കൊപ്പം മമ്മൂട്ടി ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. പ്രെയ്സ് ദി ലോര്‍ഡിനൊപ്പം ‘ഗ്യാംഗ്സ്റ്റര്‍’ ട്രെയിലര്‍ കൂടി റിലീസ് ചെയ്യാനാണ് നീക്കം. അങ്ങനെയെങ്കില്‍ ജോയിച്ചായന്‍ എന്ന നാടന്‍ മനുഷ്യനൊപ്പം അക്ബര്‍ അലി ഖാന്‍ എന്ന അധോലോക നായകനെയും കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഗ്യാംഗ്സ്റ്ററിന്‍റെ സംവിധായകന്‍ ആഷിക് അബു ഉറപ്പ് നല്‍കുന്നില്ല. പ്രെയ്സ് ദി ലോര്‍ഡിനൊപ്പം തിയേറ്ററിക്കല്‍ ട്രെയിലറും എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും സാങ്കേതികമായ ചില തടസങ്ങള്‍ മൂലം ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നാണ് ആഷിക് പറയുന്നത്.
എന്തായാലും ഗ്യാംഗ്സ്റ്ററിന്‍റെ ഓണ്‍ലൈന്‍ ട്രെയിലര്‍ വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് പുറത്തിറങ്ങുമെന്ന് ആഷിക് അബു അറിയിച്ചിട്ടുണ്ട്.