Last Modified തിങ്കള്‍, 26 ഡിസംബര്‍ 2016 (20:34 IST)
‘കത്തിസണ്ടൈ’ എന്ന തമിഴ് ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ ചിത്രത്തിന്‍റെ സംവിധായകന്‍ സുരാജ് നടത്തിയ ഒരു പരാമര്‍ശം വന്‍ വിവാദമുയര്‍ത്തുന്നു. നായികമാരെ വസ്ത്രത്തില്‍ പൊതിഞ്ഞ് കാണിക്കാനല്ല അവര്‍ക്ക് കോടികള്‍ പ്രതിഫലമായി നല്‍കുന്നതെന്ന സുരാജിന്‍റെ വാക്കുകള്‍ വിവാദത്തീയുയര്‍ത്തിയിരിക്കുകയാണ്.
സുരാജ് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കത്തിസണ്ടയിലെ നായിക കൂടിയായ
തമന്ന രംഗത്തെത്തി. ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സുരാജ് ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് നയന്‍താര പ്രതികരിച്ചു.
കത്തിസണ്ടൈയുടെ പ്രൊമോഷനായി നടത്തിയ ഷോകളില്‍ ഒന്നിലാണ് സംവിധായകന്‍ വിവാദപ്രസ്താവന നടത്തിയത്. തമന്ന ഈ സിനിമയില്‍ നടത്തുന്ന അതീവ ഗ്ലാമര്‍ പ്രകടനങ്ങളെക്കുറിച്ചായിരുന്നു അവതാരകന്‍റെ ചോദ്യം. സുരാജ് പ്രതികരിച്ചത് ഇങ്ങനെയാണ്:
"നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ എന്‍റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആ ഡ്രസിന്‍റെ നീളം കുറയ്ക്കും. എന്‍റെ നായിക ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ കംഫര്‍ട്ടബിളാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികയ്ക്ക് അസന്തുഷ്ടിയുണ്ടോ എന്നും ഞാന്‍ നോക്കില്ല. നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നത്” - സുരാജ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“നായികമാര്‍ അവരുടെ അഭിനയിക്കാനുള്ള കഴിവ് സീരിയലുകളില്‍ പ്രദര്‍ശിപ്പിക്കട്ടെ. കൊമേഴ്സ്യല്‍ സിനിമകളിലേക്ക് വരുമ്പോള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനായാണ് നായികമാര്‍ക്ക് പണം നല്‍കുന്നത്” - സുരാജ് പറഞ്ഞിരുന്നു.
ഇതിനെതിരെ അതിശക്തമായാണ് നയന്‍താര പ്രതികരിച്ചത്. “സിനിമാ മേഖലയിലെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിക്ക് ഇത്തരത്തില്‍ തരം താണ ഒരു അഭിപ്രായപ്രകടനം എങ്ങനെ നടത്താന്‍ കഴിയും? നായികമാരെ ഇത്തരത്തില്‍ നിന്ദിക്കാന്‍ സുരാജ് ആരാണ്? പണം കിട്ടുന്നതിനാല്‍ തുണി ഉപേക്ഷിക്കുന്നവരാണ് നായികമാരെന്ന് സുരാജ് കരുതുന്നുണ്ടോ? ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കാന്‍ സുരാജിന് ധൈര്യമുണ്ടോ? - നയന്‍താര ചോദിക്കുന്നു.