ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ശൃംഗാരവേലന്‍, നാടോടിമന്നന്‍ പോലെയുള്ള നിലവാരം കുറഞ്ഞ കോമഡിച്ചിത്രങ്ങളില്‍ ദിലീപിനെപ്പോലെയുള്ള മികച്ച നടന്‍ കുടുങ്ങിക്കിടക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുന്നവരുണ്ട്. അവര്‍ക്കൊക്കെ ഒരു മറുപടി നല്‍കാനൊരുങ്ങുകയാണ് ദിലീപ്. വ്യത്യസ്തമായ ഒരു ഫണ്‍ ത്രില്ലറിനാണ് ദിലീപ് പുതിയ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്‍’ ദിലീപിന്‍റെ ഓഡിയന്‍സിനെ ക്ലാസ് - മാസ് വ്യത്യാസമില്ലാതെ തൃപ്തിപ്പെടുത്താന്‍ പോകുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“ഈ ചിത്രത്തില്‍ അങ്ങനെ വലിയ തമാശകളൊന്നുമില്ല. കഥയുടെ പോക്കിലുണ്ടാകുന്ന സാന്ദര്‍ഭികമായ ഹ്യൂമര്‍ മാത്രമേയുള്ളൂ. സിറ്റുവേഷനാണ് ഹ്യൂമര്‍ ഉണ്ടാക്കുന്നത്. കഥാപാത്രങ്ങള്‍ ഗൌരവത്തോടുകൂടി ചെയ്യുകയും റിസള്‍ട്ട് പ്രേക്ഷകന് രസകരമായി തോന്നുകയും ചെയ്യുമെന്നതാണ് ഇതിന്‍റെ പ്രത്യേകത” - ലാല്‍ ജോസ് വ്യക്തമാക്കുന്നു.
എബി എന്ന യുവാവിന്‍റെ വിവാഹത്തിന് മുമ്പുള്ള ഏഴുദിവസങ്ങളില്‍ നടക്കുന്ന കഥയാണ് ‘ഏഴ് സുന്ദര രാത്രികള്‍’. ഏഴ് വര്‍ഷത്തിന് ശേഷം ‘ക്ലാസ്മേറ്റ്സ്’ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും ലാല്‍ ജോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
“ഏറെ വൈകി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന ഒരാള്‍. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോഴാണ് അയാള്‍ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. വിവാഹത്തിന് മുമ്പുള്ള ഏഴ് ദിവസങ്ങളില്‍ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ. ഉത്തമമായ ത്യാഗമനസ്ഥിതിയുള്ള നായകനാണ് ഈ ചിത്രത്തിലെ എബി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കി. റിമ കല്ലിങ്കലാണ് നായിക. നവാഗതയായ പാര്‍വതി നമ്പ്യാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്‍’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ തന്നെ ചിത്രം നേടിയിരിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ഏഴ് സുന്ദരരാത്രികള്‍ പ്രദര്‍ശനത്തിനെത്തുന്നത്.