തുപ്പാക്കി ഹിന്ദിയില്‍, സന്തോഷ് ശിവന്‍ പിന്‍മാറി!
WEBDUNIA|
IFM
ദീപാവലി തകര്‍ത്താഘോഷിച്ച് ഇളയദളപതി വിജയുടെ തുപ്പാക്കി മെഗാഹിറ്റായി മാറി. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് തുപ്പാക്കി. ഈ വമ്പന്‍ വിജയത്തോടെ എ ആര്‍ മുരുഗദോസ് എന്ന സംവിധായകന്‍റെ ഡിമാന്‍ഡും വര്‍ദ്ധിച്ചിരിക്കുകയാണ്. തെന്നിന്ത്യയില്‍ ഷങ്കറിനോളം സ്റ്റാര്‍വാല്യു ഉള്ള സംവിധായകനായി മുരുഗദോസ് മാറിയിരിക്കുന്നു. ആദ്യ വാരം തമിഴ്നാട്ടില്‍ നിന്നുമാത്രം തുപ്പാക്കി നേടിയത് 45.60 കോടി രൂപയാണ്.
തുപ്പാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അക്ഷയ്കുമാര്‍ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് മുരുഗദോസ് തന്നെ. ‘ഗജിനി’ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രമാണ് ഇത്. ഈ ചിത്രത്തിലും കാജല്‍ അഗര്‍വാള്‍ നായികയാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡിസ്കഷനുകള്‍ നടക്കുന്നു.
എന്നാല്‍, ഹിന്ദി റീമേക്കിനോട് സന്തോഷ് ശിവന്‍ സഹകരിക്കില്ല എന്നതാണ് പുതിയ വാര്‍ത്ത. സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“ഹിന്ദി തുപ്പാക്കിക്കും ഞാന്‍ തന്നെ ക്യാമറ ചെയ്യണമെന്ന് മുരുഗദോസും അക്ഷയ് കുമാറും ആവശ്യപ്പെട്ടിരുന്നു. ഒരു റീമേക്ക് ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്. ക്യാമറാമാന്‍ എന്ന നിലയിലും ഒരു ബ്രേക്ക് എടുക്കുകയാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു പ്രൊജക്ടിന്‍റെ ജോലികളിലേക്കാണ് അടുത്തതായി കടക്കുന്നത്” - സന്തോഷ് ശിവന്‍ വ്യക്തമാക്കി.
തുപ്പാക്കിയുടെ ഏറ്റവും ഹൈലൈറ്റ് സന്തോഷ് ശിവന്‍ ഒരുക്കിയ മികച്ച ദൃശ്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദി തുപ്പാക്കിയില്‍ പുതിയൊരു ഛായാഗ്രാഹകനെ കണ്ടുപിടിക്കുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന സംഗതിയാണ്. മുരുഗദോസിന്‍റെ അടുത്ത ഓപ്ഷന്‍ രവി കെ ചന്ദ്രനായിരുന്നു. എന്നാല്‍ രവി കെ ചന്ദ്രന്‍ തന്‍റെ സംവിധാന സംരംഭവുമായി തിരക്കിലാണ്.