തിരിച്ചുവരവിന് ജയറാം, ഒപ്പം സിബി മലയില്‍

Last Updated: വെള്ളി, 20 ജൂണ്‍ 2014 (13:40 IST)
സിബി മലയില്‍ രണ്ടുവര്‍ഷമായി സിനിമ സംവിധാനം ചെയ്തിട്ട്. 2012ല്‍ ഇറങ്ങിയ ഉന്നം ആണ് ഒടുവില്‍ ചെയ്ത ചിത്രം. ആ സിനിമ പരാജയമായിരുന്നു. അതിനുമുമ്പ് ചെയ്ത വയലിന്‍, അപൂര്‍വരാഗം, ആയിരത്തില്‍ ഒരുവന്‍, ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍‌ഡ്, അമൃതം, കിസാന്‍, ജലോത്സവം തുടങ്ങിയ സിനിമകളൊന്നും തിയേറ്ററുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല.

എന്തായാലും ഒരു വലിയ മടങ്ങിവരവിനൊരുങ്ങുകയാണ് സിബി മലയില്‍. സിബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. സിബിയെപ്പോലെ തന്നെ സമീപകാലത്തൊന്നും വിജയം ജയറാമിനെയും അനുഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ച അവാര്‍ഡുകള്‍ പോലും കിട്ടിയതുമില്ല. വലിയ മടങ്ങിവരവ് ജയറാമിനും ഏറ്റവും അനിവാര്യമായ ഘട്ടമാണിത്.

കെ ഗിരീഷ്കുമാറാണ് ജയറാം - സിബി മലയില്‍ ടീമിന്‍റെ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അമൃതത്തിനും ആലീസ് ഇന്‍ വണ്ടര്‍‌ലാന്‍ഡിനും തിരക്കഥയെഴുതിയതും ഗിരീഷ് തന്നെയായിരുന്നു.

പ്രിയാമണിയായിരിക്കും ഈ സിനിമയിലെ നായിക എന്ന് സൂചനയുണ്ട്. പ്രിയാമണിയും മലയാളത്തില്‍ അഭിനയിച്ചിട്ട് കുറേക്കാലമായി. ഗ്രാന്‍‌ഡ്മാസ്റ്ററാണ് പ്രിയ ഒടുവില്‍ ചെയ്ത മലയാള സിനിമ. ഇടയ്ക്ക് ആലീസ് എന്നൊരു പ്രൊജക്ടിന്‍റെ ഭാഗമായിരുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന പെയിന്‍റിംഗ് ലൈഫിലും പ്രിയാമണി നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :