Last Updated:
ബുധന്‍, 19 നവംബര്‍ 2014 (15:13 IST)
'പാപനാശം' ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ദൃശ്യത്തിന്‍റെ ഈ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് ഒരു നിമിഷം പോലും പാഴാക്കാതെ തിരക്കിലാണ് സംവിധായകന്‍ ജീത്തുജോസഫ്. കമല്‍ഹാസന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി അഭിനയിച്ചുതകര്‍ക്കുകയാണെന്നാണ് ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍.
ജീത്തു ജോസഫിന്‍റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചു. 'ലൈഫ് ഓഫ് ജോസൂട്ടി' എന്നാണ് ചിത്രത്തിന്‍റെ പേര്. ദിലീപാണ് ചിത്രത്തിലെ നായകന്‍. മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങിയ മഹാനടന്‍മാരെ സംവിധാനം ചെയ്തതിന് ശേഷം ജീത്തു വീണ്ടും ദിലീപിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
മൈ ബോസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. 'ഒരു ഓട്ടോ ബയോഗ്രഫി' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
മെമ്മറീസോ ദൃശ്യമോ പോലെ ഒരു ത്രില്ലറായിരിക്കില്ല ലൈഫ് ഓഫ് ജോസൂട്ടി. ഇതൊരു സാധാരണക്കാരന്‍റെ ജീവിതചിത്രമാണ്. രാജേഷ് വര്‍മയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ജോജു, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ലൈഫ് ഓഫ് ജോസൂട്ടിയുടെ ഭാഗമാകുന്നു. തൊടുപുഴ, ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളിലായി ആദ്യ ഷെഡ്യൂളും ജര്‍മ്മനിയില്‍ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയാകും. ഡിസംബര്‍ മധ്യത്തിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.