ഇന്ത്യയിലും വിദേശത്തും ‘ഖട്ടാ മീട്ടാ’ എന്ന പ്രിയദര്‍ശന്‍ ചിത്രം അത്രവലിയ തരംഗമൊന്നും സൃഷ്ടിച്ചില്ല. തിരക്കഥയിലെ അപാകതകളും മലയാള സിനിമയുടെ കഥാപശ്ചാത്തലം വടക്കേ ഇന്ത്യയിലേക്ക് പറിച്ചുനട്ടപ്പോഴുണ്ടായ പ്രശ്നങ്ങളും സിനിമയെ സാരമായി ബാധിച്ചു. ഒരു പ്രിയന്‍ - അക്ഷയ് സിനിമയ്ക്ക് സാധാരണ ലഭിക്കുന്ന സ്വീകരണം ഖട്ടാ മീട്ടായ്ക്ക് ലഭിച്ചില്ല.
എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ സിനിമകള്‍ ഡൌണ്‍ലോഡു ചെയ്യുന്ന ദി പൈറേറ്റ് ബേ എന്ന സൈറ്റില്‍ ഖട്ടാ മീട്ടായ്ക്ക് ലഭിക്കുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. ആഞ്ചലീന ജോളിയുടെ ഏറ്റവും പുതിയ ത്രില്ലറായ സാള്‍ട്ടിന് ലഭിക്കുന്നതിനേക്കാള്‍ റിക്വസ്റ്റുകളാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്.
പൈറേറ്റ് ബേയില്‍ ഡൌണ്‍ലോഡ് ചെയ്യുന്ന സിനിമകളുടെ പട്ടികയില്‍ ഖട്ടാ മീട്ടാ പത്താം സ്ഥാനത്താണ്. സാള്‍ട്ട് പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഏറ്റവും പുതിയ ഹോളിവുഡ് റിലീസായ ‘സെക്സ് ആന്‍റ് ദി സിറ്റി 2’ ആണ് പട്ടികയില്‍ ഒന്നാമത്. ഇപ്പോള്‍ ലോകം മുഴുവന്‍ പണം വാരിക്കൊണ്ടിരിക്കുന്ന ‘ഇന്‍സെപ്ഷന്‍’ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
ദി എ ടീം, ഗ്രീന്‍ സോണ്‍, ഷട്ടര്‍ ഐലന്‍ഡ്, റോബിന്‍ഹുഡ്, റിമംബര്‍ മീ, പ്രിന്‍സ് ഓഫ് പേര്‍ഷ്യ ദി സാന്‍ഡ്സ് ഓഫ് ടൈം, ദി ട്വിലൈറ്റ് സാഗ ന്യൂ മൂണ്‍ തുടങ്ങിയ വമ്പന്‍ ഹോളിവുഡ് സിനിമകളും പൈറേറ്റ് ബേ റിക്വസ്റ്റ് പട്ടികയില്‍ ഖട്ടാ മീട്ടായ്ക്ക് പിന്നിലാണ്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഓവര്‍സീസ് വിപണിയില്‍ ഖട്ടാ മീട്ടാ കനത്ത പരാജയമാണ്. യു കെ, യു എസ്, ഓസ്ട്രേലിയ ബോക്സോഫീസുകളില്‍ ഈ പ്രിയദര്‍ശന്‍ ചിത്രം വന്‍ തിരിച്ചടിയാണ് നേരിട്ടത്. സമീപകാലത്തെ വമ്പന്‍ പരാജയങ്ങളായ ചാന്ദ്‌നി ചൌക് ടു ചൈന, തഷാന്‍ എന്നീ സിനിമകളേക്കാള്‍ മോശം സ്വീകരണമാണ് ഖട്ടാ മീട്ടായ്ക്ക് ലഭിക്കുന്നത്.