മോഹന്‍ലാല്‍ ഒപ്പമുണ്ട് എന്നതുകൊണ്ട് മാത്രമാണ് മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ബോളിവുഡ് രാജാവ് അമിതാഭ് ബച്ചന്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാറില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തന്‍റെ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് ബിഗ്ബി ഇക്കാര്യം വ്യക്തമാക്കുന്നത്.
“മോഹന്‍ലാലിനോടുള്ള ആദരവ് കാരണം ആ ചിത്രത്തിലേക്കുള്ള ക്ഷണം എനിക്ക് നിരസിക്കാനായില്ല. ഏറ്റവും പ്രതിഭാധനനായ, വിസ്മയിപ്പിക്കുന്ന കലാകാരനാണ് മോഹന്‍ലാല്‍. ഞാന്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സിനിമകളെയും ബഹുമാനിക്കുന്നു. ലാലിന് ലാലിന്‍റേതുമാത്രമായ ഒരു ശരീരഭാഷയും ഭാവങ്ങളുമുണ്ട്. അദ്ദേഹം അനായാസമായി പ്രകടിപ്പിക്കുന്ന ഭാവചലനങ്ങളുടെ റിസല്‍ട്ട് നമ്മെ അത്ഭുതപ്പെടുത്തും. ലാലിനെ കണ്ടിരിക്കുക തന്നെ സന്തോഷകരമായ അനുഭവമാണ്” - അമിതാഭ് പറയുന്നു.
കാണ്ഡഹാറിലെ വിമാനറാഞ്ചല്‍ പ്രമേയമാക്കുന്ന ‘കാണ്ഡഹാര്‍’ അമിതാഭ് ബച്ചന്‍റെ ആദ്യ മലയാള ചിത്രമാണ്. സുമലത ഈ ചിത്രത്തില്‍ അഭിതാഭിന്‍റെ ഭാര്യയായി അഭിനയിക്കുന്നു. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര സിനിമാപരമ്പരയിലെ മൂന്നാം ചിത്രമാണ് കാണ്ഡഹാര്‍.
“ഞാന്‍ കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹന്‍ലാലും മേജര്‍ രവിയും ഈ മലയാള ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അവതരിപ്പിച്ചത്. പിന്നീട് പ്രൊജക്ടിന്‍റെ വിശദാംശങ്ങളുമായി അവര്‍ എന്നെ കാണാന്‍ വന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‍റെ പ്രതിഫലക്കാര്യമൊക്കെ അപ്പോള്‍ അവര്‍ സംസാരിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് പ്രതിഫലമോ? അതും മോഹന്‍ലാലിനെപ്പോലെ ഞാന്‍ ആദരിക്കുന്ന ഒരു നടന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിന്! ഒരു രൂപപോലും വേണ്ട. അഭിനയിക്കാനായി എപ്പോള്‍ എവിടെ വരണമെന്ന് മാത്രം അറിയിച്ചാല്‍ മതിയെന്ന് അവരോടു ഞാന്‍ പറഞ്ഞു” - അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.