‘ജനപ്രിയന്‍’ എന്നായിരുന്നു ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്‍റെ പേര്. നിഷ്കളങ്ക ഹാസ്യവും ജയസൂര്യയുടെ അഭിനയമികവും ആ സിനിമ വിജയമാക്കി മാറ്റി. ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ താരങ്ങളാക്കി ‘റോമന്‍സ്’ എന്ന മെഗാഹിറ്റായിരുന്നു ബോബന്‍ സാമുവലിന്‍റെ അടുത്ത സിനിമ. ഇതാ, ബോബന്‍റെ അടുത്ത ചിത്രത്തിന്‍റെ വിവരങ്ങള്‍:
ദിലീപാണ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ നായകന്‍. വൈ വി രാജേഷ് തിരക്കഥയെഴുതുന്ന സിനിമ ഒരു റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്നറാണ്. ഡാര്‍ജിലിംഗിലും കാശ്മീരിലുമായി ഈ സിനിമ ചിത്രീകരിക്കുമെന്നാണ് വിവരം.
റോമന്‍സ് എഴുതിയതും വൈ വി രാജേഷ് ആയിരുന്നു. ‘വീ ആര്‍ നോ ഏഞ്ചല്‍സ്’ എന്ന ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റോമന്‍സ് ഒരുക്കിയത്. എന്നാല്‍ ദിലീപിനു വേണ്ടി എഴുതുന്ന സിനിമ ഒറിജിനല്‍ കഥയാണെന്നാണ് ഇതുവരെയുള്ള വിവരം.
ദിലീപിന്‍റെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.