‘കാസനോവ’ എന്ന സിനിമ മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടോ? സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ പടം മെഗാഹിറ്റാണ്. മലയാളത്തില്‍ ഇത്രയും ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമ വേറെയില്ലെന്നൊക്കെയാണ് അവകാശവാദം. എന്നാല്‍ സിനിമ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത് എന്നതാണ് സത്യം.
സാധാരണ ജനങ്ങള്‍ക്ക് ദഹിക്കാനാകാത്ത സബ്‌ജക്ടും അസ്വാഭാവികമായ കഥാഗതിയുമൊക്കെയാണ് കാസനോവയ്ക്ക് തിരിച്ചടിയായത്. പക്ഷേ സംവിധായകന്‍ പറയുന്നത് - ‘മറ്റൊരു ഉദയനാണ് താരമോ ട്രാഫിക്കോ പ്രതീക്ഷിച്ചെത്തിയവര്‍ മാത്രമാണ് കാസനോവ കണ്ട് നിരാശരായത്’ എന്നാണ്.
“മലയാളത്തില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ചെയ്ത ജോഷി സാറും ഷാജി കൈലാസ് സാറും ചിത്രത്തേക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. അത്രയും അനുഭവ സമ്പത്തുള്ളവരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തമിഴ് സംവിധായകന്‍ ഷങ്കറും നടന്‍ വിക്രമും കാസനോവ കാണാന്‍ വരാമെന്ന് അറിയിച്ചിട്ടുണ്ട്” - റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാക്കുകളില്‍ നിന്ന് എന്ത് മനസിലാക്കണം? കാസനോവ ജോഷിക്കും ഷാജി കൈലാസിനും ഇഷ്ടപ്പെട്ടു എന്നല്ലേ. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയല്ലേ. സാധാരണ പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ടോ?
ഒരു സംവിധായകന്‍, ആര്‍ക്കുവേണ്ടിയാണ് സിനിമയൊരുക്കേണ്ടത്? മറ്റ് സിനിമാ സംവിധായകര്‍ക്ക് വേണ്ടിയോ പ്രേക്ഷകര്‍ക്ക് വേണ്ടിയോ?