ചൈനാ ടൌണിന് ശേഷം ലഭിച്ച ചെറിയ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും സിനിമാത്തിരക്കുകളിലേക്ക്. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ യൂണിവേഴ്സല്‍ സ്റ്റാര്‍. ഇതിന്‍റെ ആദ്യ ഷെഡ്യൂള്‍ ഏപ്രില്‍ എട്ടിന് അവസാനിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഓണം റിലീസാണ്.
അതേസമയം, ഏറെക്കാലമായി ചിത്രീകരണം തുടരുന്ന ‘കാസനോവ’യും അതിന്‍റെ അവസാനഘട്ട ഷൂട്ടിംഗിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 10ന് ഇതിന്‍റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിന്‍റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ മലയാളത്തിന് പുതിയ അത്ഭുതമായിരിക്കുമെന്നാണ് അണിയറ വര്‍ത്തമാനം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ലാലിന്‍റെ അഭിനയജീവിതം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കാസനോവയുടെ ഹൈലൈറ്റാണ്. ട്രാഫിക്കിന് ശേഷം ബോബി - സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യുന്നത്.
ഇതോടെ മോഹന്‍ലാലിന് വരുന്ന മാസങ്ങളില്‍ വമ്പന്‍ റിലീസുകളാണ് ഉണ്ടാകാന്‍ പോകുന്നത്. ഈ മാസം 18ന് ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും. ഏപ്രില്‍ ആദ്യം ചൈനാ ടൌണ്‍ എത്തും. ജൂലൈയില്‍ കാസനോവ, ഓഗസ്റ്റ് അവസാനം അറബിയും ഒട്ടകവും പി മാധവന്‍ നായരും. ഇതിനിടയില്‍ ബ്ലെസി ‘പ്രണയം’ പൂര്‍ത്തിയാക്കും. അതിന്‍റെ റിലീസ് തീരുമാനിച്ചിട്ടില്ല.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചിത്രീകരണവും ഉടന്‍ ആരംഭിക്കുകയാണ്. അതാണോ പ്രണയമാണോ ലാലിന്‍റെ ക്രിസ്മസ് ചിത്രമെന്ന് നിശ്ചയിച്ചിട്ടില്ല.