കനലും റാണിപത്‌മിനിമാരും അല്ല, പണം വാരുന്നത് അമര്‍ അക്‍ബര്‍ അന്തോണി !

കനല്‍, റാണിപത്മിനി, മോഹന്‍ലാല്‍, പൃഥ്വി, മമ്മൂട്ടി, പുതിയ നിയമം
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (14:02 IST)
നവരാത്രി ആഘോഷങ്ങള്‍ മലയാള സിനിമാ ബോക്സോഫീസില്‍ പ്രവചനാതീതമായ നിലയിലാണ് നടക്കുന്നത്. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ കനല്‍, റാണിപത്മിനി എന്നീ സിനിമകള്‍ക്ക് വലിയ ചലനമുണ്ടാക്കാനായില്ല. എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയും പത്തേമാരിയും എന്ന് നിന്‍റെ മൊയ്തീനും തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായി തുടരുകയാണ്.

മികച്ച ചിത്രമെന്ന പ്രതികരണമുണ്ടാക്കിയിട്ടും റാണിപത്മിനി കളിക്കുന്ന തിയേറ്ററുകളില്‍ വലിയ തിരക്കനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ചില കേന്ദ്രങ്ങളില്‍ നിന്ന് ചിത്രം മാറ്റിക്കഴിഞ്ഞു. റിലീസായി ഒരാഴ്ച തികയ്ക്കുന്നതിനുമുമ്പേ സിനിമ കളിക്കുന്ന തിയേറ്ററുകളില്‍ ആളൊഴിഞ്ഞത് വലിയ തിരിച്ചടിയായി. മഞ്ജു വാര്യരുടെ സാന്നിധ്യം പോലും ചിത്രത്തിന് രക്ഷയാകുന്നില്ല.

അതേസമയം, മെഗാസ്റ്റാര്‍ മോഹന്‍ലാലിന്‍റെ കനല്‍ മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടി. എന്നാല്‍ ചിത്രത്തേക്കുറിച്ച് വ്യാപകമായി മോശം അഭിപ്രായം പരന്നത് ദോഷമായി. കളക്ഷനെ ഇത് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, പത്തേമാരി എന്നീ സിനിമകളാണ് കേരളത്തിലെ തിയേറ്ററുകളെ ഇപ്പോഴും ഇളക്കിമറിക്കുന്നത്. മൊയ്തീന്‍റെ കളക്ഷന്‍ 30 കോടിയും കടന്ന് മുന്നേറുകയാണ്. അമര്‍ അക്ബര്‍ അന്തോണി 15 കോടിക്കുമേല്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പത്തേമാരി കളിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്.

കേരളാ ബോക്സോഫീസില്‍ പൃഥ്വിരാജിന്‍റെ പടയോട്ടം തന്നെയാണ് നടക്കുന്നത്. മറ്റ് താരങ്ങളെയെല്ലാം പിന്തള്ളി പൃഥ്വിയുടെ രണ്ട് ചിത്രങ്ങള്‍ കോടികള്‍ ലാഭം നേടി വിസ്മയമാകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :