എന്തിരന്‍ 2ന് 450 കോടി ബജറ്റ്, രാജമൌലിയെ മലര്‍ത്തിയടിക്കാന്‍ ഷങ്കര്‍!

ഷങ്കര്‍, രാജമൌലി, സ്റ്റീവ് റോണ്‍, എന്തിരന്‍, ബാഹുബലി, ഗരുഡ
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (13:32 IST)
എസ് എസ് രാജമൌലിയാണോ ഷങ്കറാണോ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്‍? ബാഹുബലി എന്ന വിസ്മയചിത്രത്തിലൂടെ രാജമൌലി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ രാജമൌലിയെ മലര്‍ത്തിയടിക്കാന്‍ ഷങ്കര്‍ തയ്യാറെടുത്തുകഴിഞ്ഞു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘എന്തിരന്‍ 2’ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 450 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്!

ഈ സിനിമയില്‍ ഷങ്കറിന് 17 സഹസംവിധായകര്‍ ഉണ്ടായിരിക്കും. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ എമി ജാക്സനാണ് നായിക. ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ വില്ലനാകും. 100 കോടി രൂപയാണ് അര്‍ണോള്‍ഡിന്‍റെ പ്രതിഫലം. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ 25 ദിവസം അര്‍ണോള്‍ഡ് ഡേറ്റ് നല്‍കിയിട്ടുണ്ട്. ജനുവരിയിലാണ് അര്‍ണോള്‍ഡിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

വസീഗരന്‍ എന്ന ശാസ്ത്രജ്ഞനായി തന്നെ രജനികാന്ത് ഈ സിനിമയില്‍ അഭിനയിക്കും. ചിട്ടി എന്ന യന്ത്രമനുഷ്യനായി രജനിയുടെ അവതാരമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആദ്യഭാഗത്തില്‍ നായികയായി അഭിനയിച്ച ഐശ്വര്യ റായി ഈ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

“കഥ ഇഷ്ടപ്പെട്ട അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്” - ഷങ്കര്‍ അറിയിച്ചു. ലൈക പ്രൊഡക്ഷന്‍സ് ആണ് എന്തിരന്‍ 2 നിര്‍മ്മിക്കുന്നത്. വിജയ് നായകനായ ‘കത്തി’ നിര്‍മ്മിച്ചത് ലൈകയാണ്.

അര്‍ണോള്‍ഡിന്‍റെ നായികയായി ഹോളിവുഡ് നടി അഭിനയിക്കുമെന്നും സൂചനയുണ്ട്. 3ഡി ആയാണ് എന്തിരന്‍ 2 ചിത്രീകരിക്കുക.

വാല്‍ക്കഷണം: ബജറ്റിന്‍റെ വലുപ്പം കാണിച്ച് ഷങ്കര്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടെന്നാണ് രാജമൌലി ആരാധകരുടെ അഭിപ്രായം. രാജമൌലി അടുത്തതായി ചെയ്യുന്ന ‘ഗരുഡ’യുടെ ബജറ്റ് 1000 കോടിയാണ്. മോഹന്‍ലാലാണ് നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :