എം ടിയുടെ സാഹിത്യം വളരെ മോശം, അദ്ദേഹം വലിയ എഴുത്തുകാരനേയല്ല; ജോയ് മാത്യുവിന് മനഃസുഖം കിട്ടിയ കഥ!

MT, Joy Mathew, Mathrubhumi, Manorama, Poonaranga, Dileep, എം ടി, ജോയ് മാത്യു, മാതൃഭൂമി, മനോരമ, പൂനാരങ്ങ, ദിലീപ്
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (15:41 IST)
മലയാള സാഹിത്യത്തിന്‍റെ പ്രകാശഗോപുരം എംടിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരിക്കല്‍, എം ടിയുടെ സാഹിത്യം വളരെ മോശമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യം നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിനുണ്ടായി.

തന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ‘പൂനാരങ്ങ’യുടെ പ്രകാശനത്തോട് അനുബന്ധിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ എം ടി അനുഭവം ജോയ് മാത്യു പറയുന്നത്.

“അക്കാലത്ത് ഞാന്‍ ജനകീയ സാംസ്കാരികവേദി പ്രവര്‍ത്തകനാണ്. നാടുഗദ്ദിക നാടകപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിക്കാനായി എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയവരില്‍ നിന്നും ഒപ്പ് ശേഖരിച്ചു. പട്ടത്തുവിളയുടെ വീടിന് തൊട്ടടുത്താണ് എം ടിയുടെ വീട്. എം ടിയുടെ വീട്ടില്‍ പോയി കൂട്ട് അപേക്ഷയില്‍ ഒപ്പിടാമോ എന്നുചോദിച്ചപ്പോള്‍ ‘നോ’ എന്നായിരുന്നു മറുപടി. ഇതൊരു പൊളിറ്റിക്കലായ പ്രശ്നമായതുകൊണ്ട് ഒപ്പിടാന്‍ പറ്റില്ലെന്നായി എം ടി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആദ്യമായാണ് ഇക്കാര്യത്തില്‍ ഒരാള്‍ നോ പറയുന്നത്. അപ്പോള്‍ തന്നെ മനസ്സില്‍ അദ്ദേഹത്തെ പ്‌രാകി” - ജോയ് മാത്യു പറയുന്നു.

“ഞാന്‍ ഇടവഴിയില്‍ നിന്നുകൊണ്ട് എം ടിയുടെ സാഹിത്യം വളരെ മോശമാണ്, അദ്ദേഹം വലിയ എഴുത്തുകാരനൊന്നുമല്ല എന്നൊക്കെ വിളിച്ചുപറഞ്ഞു. പണമില്ലാത്തവന്‍ ബിരിയാണി മോശമാണെന്ന് പറയുന്നതുപോലെയായിരുന്നു അത്. നല്ല മനഃസുഖം കിട്ടി” - മാതൃഭൂമിക്ക് വേണ്ടി കെ മധുവിന് അനുവദിച്ച അഭിമുഖത്തില്‍ ജോയ് മാത്യു വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :