“ഇവിടെ വരുന്നവര്‍ക്കെല്ലാം 100 രൂപ വച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. ഡെയ്‌ലി കൊടുക്കുന്നുണ്ടോ?” - ഈ ചോദ്യവുമായി മലയാള നോവലിസ്റ്റ് അംബുജാക്ഷന്‍ എത്തിയത് 1996ലാണ്. വീടിനുള്ളില്‍ ചുവന്ന പെയിന്‍റ് അടിക്കാനും നാടെങ്ങും തനിക്ക് സ്വീകരണം ഏര്‍പ്പെടുത്താനും പൊങ്ങച്ചം കാട്ടാനായി സിനിമ നിര്‍മ്മിക്കാനുമൊക്കെ മുതിരുന്ന ശങ്കര്‍ദാസ് എന്ന കഥാപാത്രവും പ്രേക്ഷകപ്രീതി നേടി. ‘അഴകിയ രാവണന്‍’ എന്ന സിനിമ മലയാളികള്‍ ആസ്വദിച്ച് ചിരിച്ച മമ്മൂട്ടിച്ചിത്രമാണ്.
ശ്രീനിവാസന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. അഴകിയ രാവണനില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച കരയോഗം പ്രസിഡന്‍റ് ടി വി പി കുറുപ്പ് ആണ് രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രം. ഇദ്ദേഹത്തിന്‍റെ മകനാണ് ചിത്രത്തിലെ നായകന്‍. നായികയായെത്തുന്നത് ശ്യാമിലി(നമ്മുടെ പഴയ ബേബി ശ്യാമിലി തന്നെ).
നവാഗതനായ പാര്‍ത്ഥസാരഥിയാണ് ‘അഴകിയ രാവണന്‍ 2’ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഈ സിനിമയില്‍ അതിഥി താരമായി അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. ശ്രീനിവാസനും സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ ലോ ബജറ്റ് ചിത്രമായിരിക്കും. ഹരികൃഷ്ണന്‍സിന് ശേഷം ശ്യാമിലി മലയാളത്തിലെത്തുന്നു എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.