അറിഞ്ഞോ? ‘ജില്ല’ അട്ടര്‍ ഫ്ലോപ്പ്!

WEBDUNIA|
PRO
‘ജില്ല’, ‘വീരം’ എന്നീ തമിഴ് ചിത്രങ്ങളുടെ വിജയഗാഥകള്‍ പാടിനടന്ന ആരാധകര്‍ക്ക് അങ്ങേയറ്റം നിരാശ നല്‍കുന്ന ഒരു വാര്‍ത്ത ലഭിക്കുന്നു. ഇരു ചിത്രങ്ങളും അട്ടര്‍ ഫ്ലോപ്പുകളാണെന്നാണ് നിര്‍മ്മാതാവ് കേയാര്‍ വെളിപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യാജപ്രചരണം നടത്തി ഏവരെയും പറ്റിക്കുകയായിരുന്നു എന്നും കേയാര്‍ വ്യക്തമാക്കുന്നു.

വിജയും മോഹന്‍ലാലും ഒന്നിച്ച ജില്ലയും തല അജിത്തിന്‍റെ വീരവും ഒരേ ദിവസം പ്രദര്‍ശനത്തിനെത്തിയ സിനിമകളാണ്. ചിത്രം കോടിക്കണക്കിന് രൂപയുടെ ലാഭം നേടി എന്നാണ് പ്രചരിച്ചത്. ഇരുസിനിമകളും സൂപ്പര്‍ഹിറ്റുകളായി മാറിയെന്ന പ്രചരണം അസ്ഥാനത്താണെന്നാണ് കേയാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

കേയാര്‍ പറയുന്നതനുസരിച്ച് ജില്ലയും വീരവും കനത്ത പരാജയങ്ങളായിരുന്നു. രണ്ട് സിനിമകളും വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. മാധ്യമങ്ങളെയും പൊതുജനങ്ങളെയും ഈ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ വിഡ്ഢികളാക്കുകയായിരുന്നു എന്നും കേയാര്‍ ആരോപിക്കുന്നു.

അജിത്തിന്‍റെ കഴിഞ്ഞ ചിത്രമായ ‘ആരംഭം’ ഇതേരീതിയില്‍ തന്നെ ഊതിവീര്‍പ്പിക്കപ്പെട്ട വിജയമാണെന്നാണ് കേയാര്‍ പറയുന്നത്. 132 കോടി രൂപ ആ സിനിമ കളക്ഷന്‍ നേടിയെന്ന പ്രചരണം വലിയ തമാശയാണെന്നും അദ്ദേഹം പറയുന്നു.

ജില്ലയും വീരവും തമിഴ്നാടിന്‍റെ പല സെന്‍ററുകളിലും വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ലെന്ന് കേയാര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ‘ഗോലിസോഡ’ എന്ന സിനിമ മാത്രമാണ് വിതരണക്കാര്‍ക്കും എക്സിബിറ്റേഴ്സിനും ലാഭമുണ്ടാക്കിക്കൊടുത്തത്.

നിര്‍മ്മാതാവ് കേയാര്‍ തന്നെ നേരത്തേ ജില്ലയെയും വീരത്തെയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. അന്ന് കേയാര്‍ പറഞ്ഞത് രണ്ട് സിനിമകള്‍ക്കും മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട് എന്നാണ്. ഈ സിനിമകള്‍ക്കെതിരെ തിരിയാന്‍ ഇപ്പോള്‍ കേയാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :