അമല പോള്‍ ഉരുണ്ടുകളിച്ചു, ധനുഷ് പുറത്താക്കി!

WEBDUNIA|
PRO
രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ത്രീ’യില്‍ നിന്ന് അമലാ പോള്‍ പുറത്ത്. ഡേറ്റിന്‍റെ കാര്യത്തില്‍ അമല പോള്‍ വ്യക്തതയില്ലായ്മ കാണിച്ചതില്‍ കലിപൂ‍ണ്ട ഐശ്വര്യ ധനുഷ് അമലയെ ഒഴിവാക്കുകയായിരുന്നു.

ധനുഷിന്‍റെ ചിത്രത്തില്‍ അമല പോള്‍ നായികയാവുന്ന കാര്യം ഐശ്വര്യ ധനുഷ് കഴിഞ്ഞ ആഴ്ച വാര്‍ത്താസമ്മേളനം വിളിച്ചാണ് അറിയിച്ചത്. എന്നാല്‍ അതിന് ശേഷം അമല പോളിനെ സാക്ഷാല്‍ രാം ഗോപാല്‍ വര്‍മ വിളിച്ച് താന്‍ നിര്‍മ്മിക്കുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് അന്വേഷിച്ചു. തെലുങ്കിലെ യുവ സൂപ്പര്‍താരവും നാഗാര്‍ജ്ജുനയുടെ മകനുമായ നായകനാകുന്ന ‘ബേജവാഡ റൌഡിലു’ എന്ന ചിത്രത്തിലേക്കാണ് അമല വേണമെന്ന് ആര്‍ ജി വി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

മറ്റൊന്നും ആലോചിക്കാതെ അമല പോള്‍ സമ്മതം മൂളുകയും ചെയ്തു. രാം ഗോപാല്‍ വര്‍മയുടെ സിനിമ ലഭിച്ചതോടെ അമല പോള്‍ ധനുഷ് ചിത്രത്തിന്‍റെ കാര്യം മറന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ത്രീ’യുടെ ഫോട്ടോ ഷൂട്ടിന് എത്താന്‍ പോലും അമല തയ്യറായില്ല. ഇതില്‍ കോപാകുലയായ ഐശ്വര്യ ധനുഷ് തന്‍റെ ചിത്രത്തില്‍ അമലയെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അമല പോളിന് മറ്റൊരു വിശദീകരണമുണ്ട്. “സെപ്റ്റംബര്‍ അവസാനവും ഒക്ടോബര്‍ മാസത്തിലും ഡേറ്റ് നല്‍കാമെന്നാണ് ഐശ്വര്യ ധനുഷിനോട് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ധനുഷ് ഫ്രീയാണെന്നും അതിനാല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലും പൂര്‍ണമായും എന്‍റെ ഡേറ്റ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ നേരത്തേ കമ്മിറ്റ് ചെയ്ത പ്രൊജക്ട് ഉള്ളതിനാല്‍ ആ ഡേറ്റുകള്‍ നല്‍കാനാവില്ലെന്ന് ഞാന്‍ അറിയിച്ചു. എന്‍റെ ബുദ്ധിമുട്ട് അവര്‍ക്ക് മനസിലാകുകയും ചെയ്തു. പരസ്പരം മനസിലാക്കി ഞാന്‍ ഒഴിവാകുകയായിരുന്നു” - അമല പറയുന്നു.

ഷ്രുതി ഹാസനെ നായികയായി ആലോചിച്ച് തുടങ്ങിയ സിനിമയാണ് ‘ത്രീ’. അവര്‍ക്ക് ഡേറ്റില്ലാത്തതിനാല്‍ അമലാ പോളിനെ തീരുമാനിക്കുകയായിരുന്നു. ഇനി അമലയ്ക്ക് പകരം മറ്റൊരു നായികയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഐശ്വര്യ ധനുഷ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :