അന്ധന്‍ വാച്ച് കെട്ടിയാല്‍ എന്താ കുഴപ്പം? മോഹന്‍ലാല്‍ചിത്രത്തെ പരിഹസിക്കുന്നവര്‍ക്ക് സിനിമ മറുപടി പറയും!

മോഹന്‍ലാലിനും പ്രിയദര്‍ശനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

Mohanlal, Blind, Oppam, Priyadarshan, Watch, Karuna, Oommenchandy, മോഹന്‍ലാല്‍, അന്ധന്‍, ഒപ്പം, പ്രിയദര്‍ശന്‍, വാച്ച്, കരുണ, ഉമ്മന്‍‌ചാണ്ടി
അനീഷ് ജെര്‍മിയാസ്| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (15:31 IST)
മോഹന്‍ലാല്‍ ചില ഉറച്ച തീരുമാനങ്ങള്‍ എടുത്ത വര്‍ഷമാണിത്. മികച്ച കഥയും തിരക്കഥയും ഉള്ള പ്രൊജക്ടുകളില്‍ മാത്രമേ അഭിനയിക്കൂ എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വളരെ ശ്രദ്ധയോടെ നീങ്ങാനാണ് താരം നിശ്ചയിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെയും ഒരു മോഹന്‍ലാല്‍ റിലീസ് ഉണ്ടായിട്ടില്ല. അതിന് പ്രധാനകാരണം, മോശം ചിത്രങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള തീരുമാനം തന്നെയാണ്. വര്‍ഷം രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനും അവ മികച്ച ചിത്രങ്ങളായിരിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.

‘പുലിമുരുകന്‍’ എന്ന വമ്പന്‍ ചിത്രമാണ് ഇനി വരുന്ന മോഹന്‍ലാല്‍ ചിത്രം. മലയാളത്തിന്‍റെ ബാഹുബലി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം. മലയാള സിനിമയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന സിനിമയായിരിക്കും അതെന്നാണ് റിപ്പോര്‍ട്ട്.

അതിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ റിലീസാകും. മോഹന്‍ലാല്‍ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു റിവഞ്ച് ത്രില്ലറാണ് ഇത്. ഈ ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോല്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസവും ട്രോളും തുടങ്ങി. ആ പോസ്റ്ററില്‍ മോഹന്‍ലാല്‍ വാച്ച് കെട്ടിയിരിക്കുന്നതാണ് പരിഹസിക്കുന്നവര്‍ ആയുധമാക്കുന്നത്.

‘ഒരു അന്ധന്‍ എന്തിന് വാച്ച് കെട്ടണം?’ എന്നാണ് വിമര്‍ശകരുടെ ചോദ്യം. പോസ്റ്ററില്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയതാണെന്ന വ്യാഖ്യാനവും ട്രോളുകളും വന്നുകൊണ്ടേയിരിക്കുന്നു. ഈ വിമര്‍ശനങ്ങളിലൊന്നും കഴമ്പില്ല എന്നതാണ് വസ്തുത.

അന്ധന്‍ എന്തിന് വാച്ചുകെട്ടണമെന്ന ചോദ്യം ചെറിയ കുട്ടികള്‍ പോലും ചിരിച്ചുതള്ളുകയേ ഉള്ളൂ. വാച്ചിന്‍റെ ഡയലില്‍ സ്പര്‍ശിക്കുന്നതിലൂടെ സമയം അറിയാനുള്ള സൌകര്യം ഉണ്ടെന്നിരിക്കെ എന്താണ് ആ ചോദ്യത്തിന് പ്രസക്തി? മാത്രമല്ല, സമയം വിളിച്ചറിയിക്കുന്ന വാച്ചുകള്‍ ഇന്ന് ലഭ്യമാണ്. കാഴ്ചയില്ലാത്തവര്‍ സമയമേ അറിയേണ്ടതില്ല എന്നാണോ പരിഹസിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല.

പിന്നെ, ‘ഒപ്പം’ ഒരു പ്രിയദര്‍ശന്‍ ചിത്രമാണ്. ഏതെങ്കിലുമൊരു നവാഗത സംവിധായകന്‍റെ സിനിമയല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി നൂറോളം സിനിമകളെടുത്തിട്ടുള്ളയാളാണ് പ്രിയന്‍. നമ്മുടെ അഭിമാനമായ ചിത്രം, കിലുക്കം, ആര്യന്‍, തേന്‍‌മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, കാലാപാനി, ഹേരാഫേരി, ഹല്‍ഛല്‍, അദ്വൈതം തുടങ്ങിയ ഒട്ടേറെ വമ്പന്‍ ഹിറ്റുകളുടെ സ്രഷ്ടാവ്. കാഞ്ചീവരത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകന്‍.

ഒരു അന്ധന്‍ കഥാപാത്രത്തിന് വാച്ച് കെട്ടിക്കൊടുത്ത് അബദ്ധം പറ്റാന്‍ മാത്രം വിഡ്ഢിയല്ല പ്രിയദര്‍ശന്‍ എന്നുമാത്രം വിമര്‍ശകര്‍ ഓര്‍ക്കുക. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ‘ഒപ്പം’ എന്ന സിനിമ തന്നെ മറുപടി പറയും എന്നേ പറയാനുള്ളൂ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :