അങ്ങനെ ആ കഥ രഞ്ജിത് എഴുതി, മോഹന്‍ലാല്‍ നായകന്‍!

രഞ്ജിത്, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു
Last Updated: വ്യാഴം, 8 ജനുവരി 2015 (11:51 IST)
റൈറ്റേഴ്സ് ബ്ലോക്ക് എന്നൊരു സംഗതിയുണ്ട്. എഴുത്തുകാരന്‍ തന്‍റെ രചനാസമയത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തില്‍, പിന്നീടൊന്നും എഴുതാനാവാത്ത ഒരവസ്ഥ. അങ്ങനെയുള്ള അവസ്ഥയില്‍ എത്തിപ്പെട്ട അനേകം എഴുത്തുകാരെപ്പറ്റി കേട്ടിട്ടുണ്ട്. റൈറ്റേഴ്സ് ബ്ലോക്കിനെപ്പറ്റി സംവിധായകന്‍ രഞ്ജിത് തന്‍റെ 'കൈയൊപ്പ്' എന്ന ചിത്രത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥ രഞ്ജിത്തിന് തന്നെയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡിയാക്കി രഞ്ജിത് സിനിമ ആലോചിച്ച സമയത്തായിരുന്നു അത്. പൃഥ്വിരാജിനെക്കൂടി ഉള്‍പ്പെടുത്തിയ ആ കഥ സ്പോര്‍ട്സ് പശ്ചാത്തലത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ ഒരു പ്രത്യേകഘട്ടത്തില്‍ കഥ ഇടിച്ചുനിന്നു. മഞ്ജുവാര്യര്‍ അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രം കൂടുതല്‍ വളര്‍ച്ച നേടാനാകാതെ ഒരു സാധാരണ കഥാപാത്രം മാത്രമായി ഒതുങ്ങി. കഥ എങ്ങോട്ടുപോകേണ്ടതെന്നറിയാതെ മുറിഞ്ഞപ്പോള്‍ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചു രഞ്ജിത്. പിന്നീട് മഞ്ജുവാര്യര്‍ 'ഹൌ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയിലൂടെ മടങ്ങിവരുന്നത് കണ്ടു മലയാളികള്‍.

അതിന് ശേഷം 'ഞാന്‍' എന്ന സിനിമയൊരുക്കിയ രഞ്ജിത് വീണ്ടും മോഹന്‍ലാലിലേക്കെത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കിയാണ് രഞ്ജിത് തന്‍റെ അടുത്ത സിനിമ ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സിനിമയില്‍ മഞ്ജു വാര്യരോ പൃഥ്വിരാജോ ഉണ്ടാകില്ല. മുമ്പ് ആലോചിച്ച കഥയല്ല ഇതെന്നാണ് റിപ്പോര്‍ട്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരിയില്‍ കോഴിക്കോട്ട് ചിത്രീകരണം ആരംഭിക്കും.

സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന ഈ സിനിമ സാമൂഹ്യപ്രസക്തിയുള്ളതും സമകാലികസംഭവങ്ങളോട് സാദൃശ്യമുള്ളതുമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :