Rijisha M.|
Last Updated:
വെള്ളി, 27 ജൂലൈ 2018 (13:03 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ ടീസർ പുറത്തുവിട്ടു. മഹി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്‌റ്റാറിന്റെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. മുപ്പത് കോടി മുടക്കിലെടുക്കുന്ന ചിത്രത്തിൽ വൻതാരനിരയാണുള്ളത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കാർത്തിയും വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തില്‍ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന്‍ വൈഎസ് ജഗനായിട്ടാകും കാര്‍ത്തി എത്തുകായെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
നിലവില്‍ ‘യാത്ര’യുടെ ചിത്രീകരണം ഹൈദരാബാദിന്റെ നഗരപ്രാന്തത്തില്‍ തുടരുകയാണ്. 2019 ല്‍ ചിത്രം പുറത്തിറങ്ങും. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു രാജശേഖര്‍ റെഡ്ഡി. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.