അപർണ|
Last Updated:
വെള്ളി, 27 ജൂലൈ 2018 (09:42 IST)
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. ചിത്രം 50 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഓണത്തിന് അദ്ദേഹത്തിന്റെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ റിലീസുമുണ്ട്. നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കുകളിലാണ് താരം.
നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടയിൽ ആരാധകർക്കൊരു സർപ്രൈസ് പ്ലാൻ ചെയ്യുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സെപ്റ്റംബറില്‍ മമ്മൂട്ടി 67ആമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ആ ദിവസം ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.
മ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററായിരിക്കും പുറത്ത് വരാന്‍ പോവുന്നത്. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതില്‍ സ്ത്രൈണതയുള്ള കഥാപാത്രമുണ്ടെന്നുള്ളതും ആകാംഷ നിറച്ചതായിരുന്നു. ഇത് മാത്രമാണോ അതോ മറ്റേന്തങ്കിലും സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.
മാമാങ്കത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്.
സജീവ് പിള്ളയുടെ ആദ്യ സംവിധാന സംരംഭമാണ് മാമാങ്കം. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്.
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.