aparna shaji|
Last Modified ശനി, 4 ഫെബ്രുവരി 2017 (09:21 IST)
പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി -2 ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ബാഹുബലിയുമായി ബന്ധപ്പെട്ട് ദിനംപ്രതി പല കഥകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തവണ രാഷ്ട്രീയത്തെ വിഷയമാക്കി ഒരുക്കിയ ഒരു വീഡിയോ ആണ് ഹിറ്റായിരിക്കുന്നത്.
ബാഹുബലിയായി ഉത്തരാഖണ്ഡിന്റെ രക്ഷകനാവുന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 'സേവ്യര്‍ ഓഫ് ഉത്തരാഖണ്ഡ് ഹരീഷ് റാവത്ത്' എന്ന തലക്കെട്ടിൽ തുടങ്ങുന്ന വിഡിയോയിൽ ആദ്യം സംസ്ഥാനത്തെ മലനിരകളുടെയും ക്ഷേത്രങ്ങളുടെയും ചിത്രങ്ങള്‍ വന്ന് പോയതിന് ശേഷം
ഹരീഷ് റാവത്തായി രൂപമാറ്റം വരുത്തിയ ബാഹുബലി ശിവലിംഗത്തിന് പകരം ഉത്തരാഖണ്ഡിനെ എടുത്തുയർത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായും വീഡിയോയിലുണ്ട്. അതേസമയം വിഡിയോ കോണ്‍ഗ്രസ് തയ്യാറാക്കിയതല്ല. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഹരീഷ് റാവത്ത്. 71 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഫെയ്‌സ്ബുക്കിലാണ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ബാഹുബലിയുടെ ദൃശ്യങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് തന്നെ 180000 കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതിനകം തന്നെ 4500 തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.