രേണുക വേണു|
Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:45 IST)
മലയാള സിനിമയില്‍ തകര്‍ത്താടുന്ന ചേട്ടനും അനിയനുമാണ് ഈ ചിത്രത്തില്‍ ചിരിച്ചിരിക്കുന്നത്. ആരാണെന്ന് പിടികിട്ടിയോ? മറ്റാരുമല്ല വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആണിത്. ഇരുവരുടെയും കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളാണ് ഇരുവരും.
ശ്രീനിവാസനെ പോലെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി മലയാള സിനിമയിലെത്തിയ വിനീത് പിന്നീട് നായകനും സംവിധായകനുമൊക്കെയായി കളംനിറഞ്ഞു. ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു വിനീത്.
വിനീതിന്റെ വരവിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ധ്യാന്‍ മലയാള സിനിമാരംഗത്തേക്ക് എത്തിയത്. അഭിനേതാവായി അരങ്ങേറിയ ധ്യാന്‍ പിന്നീട് സംവിധായകനുമായി. നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. ഈ സിനിമയില്‍ വിനീതും അഭിനയിച്ചിട്ടുണ്ട്.