ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (10:45 IST)
സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള പ്രശ്‌നത്തില്‍ നടി മഞ്ജു വാര്യരെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ എന്നും വിധു വിൻസന്റ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യര്‍ക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. സിനിമയില്‍ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോള്‍ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം.
തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിര്‍ത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളില്‍ ഒരാളാണ്. അവരുടെ തൊഴില്‍ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്.
ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?