രേണുക വേണു|
Last Modified ബുധന്‍, 27 നവംബര്‍ 2024 (09:52 IST)
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'വല്ല്യേട്ടന്‍' റി-റിലീസിനു ഒരുങ്ങുകയാണ്. നവംബര്‍ 29 വെള്ളിയാഴ്ച ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. 4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. സ്ഫടികം റി-റിലീസ് ചെയ്തപ്പോള്‍ ആണ് വല്ല്യേട്ടനും വീണ്ടും തിയറ്ററുകളിലെത്തിക്കാന്‍ താന്‍ ആലോചിച്ചതെന്ന് നിര്‍മാതാവ് ബൈജു അമ്പലക്കര പറയുന്നു.
കൈരളി ടിവിക്കാണ് വല്ല്യേട്ടന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചത്. ഈ ചാനലില്‍ ഒട്ടേറെ തവണ വല്ല്യേട്ടന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൈരളി ആദ്യമായി ഒരു സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങുന്നത് തന്റെ കൈയില്‍ നിന്നാണെന്ന് ബൈജു അമ്പലക്കര പറയുന്നു.
' ഈ ചാനലിന്റെ ആദ്യത്തെ സിനിമയും വല്ല്യേട്ടന്‍ ആണ്. അന്നത്തെ കാലത്ത് 15 ലക്ഷം രൂപയ്ക്കാണ് ഈ സാറ്റലൈറ്റ് വാങ്ങിയത്. ഇന്ന് അതുണ്ടെങ്കില്‍ 10 കോടിയാണ്. അന്ന് സാറ്റലൈറ്റിനൊന്നും വലിയ റേറ്റില്ല. അങ്ങനെ ചാനലില്‍ വന്നു. ചാനലിന് ഒരുപാട് പൈസ അതില്‍ നിന്നും കിട്ടി. കാരണം സിനിമ നന്നായി പോയിക്കൊണ്ടിരിക്കുകയാണ്. ജനം സ്വീകരിച്ചതു കൊണ്ടല്ലേ അവരത് കാണുന്നത് അല്ലാതെ ചുമ്മാ ഒരു സിനിമാ രാവിലെ തൊട്ട് എല്ലാ ദിവസവും ഇട്ടോണ്ടിരിക്കുമോ? അവര്‍ക്ക് നന്നായിട്ട് മാര്‍ക്കറ്റിങ്ങില്‍ പരസ്യത്തിന്റെ പൈസ കിട്ടുന്നുണ്ട്,' മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ബൈജു അമ്പലക്കര പറഞ്ഞു.
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം.