നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (12:30 IST)
മികച്ച കഥാപാത്രങ്ങളിലൂടെയും ജീവിതഗന്ധിയായ കഥപറച്ചിലിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന സിനിമയാണ് 2012 ൽ ഇറങ്ങിയ ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ഉസ്താദ് ഹോട്ടലിനെ വിശേഷിപ്പിക്കാറ്. നടൻ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്യും. പിവിആർ ഐനോക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അവർ ഈ വാർത്ത പങ്കുവെച്ചത്. റിലീസ് ചെയ്ത് 12 വർഷത്തിന് ശേഷമാണ് ഉസ്താദ് ഹോട്ടൽ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. അഞ്ജലി മേനോൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് അൻവർ റഷീദ് ആയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രം നിർമിച്ചത്.