രേണുക വേണു|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (14:42 IST)
മലയാളത്തില്‍ മികച്ച സിനിമകള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള സംവിധായകരായ അഞ്ജലി മേനോന്‍, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുള്ള രമ്യ അരവിന്ദ് സ്വതന്ത്ര സംവിധായകയാകുന്നു. 'ഒരു പൊലീസുകാരന്റെ മരണം' എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് രമ്യ സംവിധാനം ചെയ്യുന്നത്. അത്യപൂര്‍വ്വ കുറ്റാന്വേഷണ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയായാണ് രമ്യ അരവിന്ദ് സിനിമയിലേക്ക് കടന്നുവരുന്നത്. അഞ്ജലി മേനോന്റെ 'ബാംഗ്ലൂര്‍ ഡേയ്സ്', ശ്യാമപ്രസാദിന്റെ അരികെ, ഋതു, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ രമ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
'ഒരു പൊലീസുകാരന്റെ മരണം' എന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ഉര്‍വശിയും സൗബിന്‍ ഷാഹിറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ഒരു പൊലീസ് ഓഫീസര്‍ കഥാപാത്രമായിരിക്കും ഉര്‍വശിയുടേത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.
ഡിക്‌സണ്‍ പൊടുത്താസിന്റെ നിര്‍മ്മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം: ബുസി ബേബി ജോണ്‍, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റില്‍ ഡിസൈന്‍: പ്രജ്വാള്‍ സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍ വാര്‍ത്താ പ്രചരണം: എം.ആര്‍ പ്രൊഫഷണല്‍.