'ഉടല്‍'ലെ രംഗങ്ങള്‍ നവമാധ്യമങ്ങളില്‍, നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗോകുലം മൂവീസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (15:09 IST)

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ എഴുതി സംവിധാനം ചെയ്ത ഉടല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഈ സിനിമയുടെ മര്‍മ്മപ്രധാനമായ ചില രംഗങ്ങള്‍ തിയേറ്ററുകളില്‍നിന്ന് ഷൂട്ട് ചെയ്തത് നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളായ ഗോകുലം മൂവീസ്.ചിത്രത്തിന്റെ രംഗങ്ങള്‍ അനധികൃതമായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

'ശ്രീ ഗോകുലം മൂവീസിന്റെ പുതിയ സിനിമയായ ഉടലിനെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രതീഷ് രഘുനന്ദന്‍ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് കേരളമൊട്ടാകെ നിന്നും നല്ല റിപ്പോര്‍ട്ടുകളാണ് വരുന്നത്.
തീയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഈ സിനിമയുടെ മര്‍മ്മപ്രധാനമായ ചില രംഗങ്ങള്‍ തിയേറ്ററുകളില്‍നിന്ന് ഷൂട്ട് ചെയ്തത് നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തികളില്‍ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ വിട്ടുനില്‍ക്കണം. ഇനിയും സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിത്രത്തിന്റെ ത്രില്ലും സസ്‌പെന്‍സും മുഴുവനായി ലഭിക്കുന്നതില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ തടസ്സം നില്‍ക്കും. ഗോകുലം മൂവീസിന്റെ ഉടമസ്ഥാവകാശത്തില്‍ ഉള്ള ഈ ചിത്രത്തിന്റെ രംഗങ്ങള്‍ അനധികൃതമായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

ഒരു സിനിമ ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കുന്നതാണ്. സിനിമയേയും തിയേറ്റര്‍ വ്യവസായത്തേയും ഇല്ലാതാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും പ്രിയപ്പെട്ട പ്രേക്ഷകര്‍ വിട്ടു നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു.'-ഗോകുലം മൂവീസ് കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :