‘മോനേ ഉണ്ണി മുകുന്ദാ...’, ചിരി കടിച്ചമർത്തി ദുൽഖർ; ടൊവിനോയെ ഉണ്ണി മുകുന്ദനാക്കിയ കഥ കാർട്ടൂണാക്കി ഫാൻ

അപർണ| Last Modified ചൊവ്വ, 8 ജനുവരി 2019 (15:14 IST)
ഉസ്താദ് ഹോട്ടലില്‍ ഫൈസിയുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ആസിഫ് അലിയെ കണ്ട് മാമുക്കോയ കുഞ്ചാക്കോ ബോബനല്ലേ എന്നു ചോദിക്കുന്ന രംഗമുണ്ട്. അങ്ങനെയൊരു സംഭവം തന്റെ റിയൽ ലൈഫിലും സംഭവിച്ച കഥ നടൻ ടൊവിനോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ടൊവിനോയുടെ ആ അനുഭവം ഇപ്പോൾ കാര്‍ട്ടൂണായിരിക്കുകയാണ്. ടൊവിനോ തന്നെയാണ് ഷമിൽ എന്ന ആർട്ടിസ്റ്റ് വരച്ച കാർട്ടൂൺ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ആ കഥ ടൊവിനോ പറഞ്ഞത്.

ടൊവിനോ പറഞ്ഞ കഥ ഇങ്ങനെ:

“മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഞാൻ. ദുൽഖർ സൽമാനും അതേ ഫ്ളൈറ്റിൽ ചെന്നെയിലേക്ക് പോവാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിർന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാൻ ഓർത്തു, ദുൽഖറിനെ കാണാൻ വരുവായിരിക്കും.

ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവർ ദുൽഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാൻ ഞെട്ടിപോയി. ഞാൻ ദുൽഖറിന് ഒപ്പം നിൽക്കുമ്പോൾ ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എനിക്ക് സന്തോഷം തോന്നി.

ആ സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോഴാണ് ആ സ്ത്രീ സ്നേഹത്തോടെ വിളിക്കുന്നത്, “മോനേ ഉണ്ണിമുകുന്ദാ.” അതുകേട്ട് ദുൽഖർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താൻ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാൽ അവർക്ക് അറിയില്ലെങ്കിൽ ഞാനെന്തുചെയ്യും? ഇതായിരുന്നു ആ രസകരമായ സംഭവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :