Last Modified ബുധന്‍, 26 ജൂണ്‍ 2019 (10:00 IST)
ആരാധകരുടെ ഇച്ചായൻ വിളിയോട് താൽപ്പര്യമില്ലെന്ന് നടൻ ടൊവിനോ തോമസ്. സ്‌നേഹത്തോടെ ഇച്ചായാ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആ വിളി തനിക്കത്ര പരിചയമില്ലെന്നും ടൊവിനോ എന്നോ ചേട്ടാ എന്നോ വിളിക്കുന്നതാണ് തനിക്കിഷ്ടമെന്നും മാതൃഭൂമി ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിനിടെ താരം പറയുന്നു.
'ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. 'ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകൾക്ക് മുൻപ് വരെ ഈ വിളി കേട്ടിരുന്നില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക.‘
ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാൽ ഏട്ടനെന്നും ക്രിസ്ത്യനായാൽ ഇച്ചായാ എന്നും വിളിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ലായെന്ന് ടോവിനോ പറയുന്നു.
‘നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാം. ചെറുപ്പത്തില്‍ നമ്മള്‍ മമ്മൂക്ക, ലാലേട്ടന്‍ എന്നൊന്നുമല്ല, മോഹന്‍ലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടന്‍ എന്നൊക്കെ വിളിക്കുന്നത്. ‘- ടോവിനോ പറയുന്നു.