കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 ജനുവരി 2024 (12:14 IST)
മോഹൻലാലിന്റെ ഇഷ്ട സിനിമകൾ ഏതാണെന്ന് ചോദിച്ചാൽ എല്ലാവർക്കും മനസ്സിൽ ഒരുപിടി ചിത്രങ്ങളുടെ ലിസ്റ്റ് വരും. എന്നാൽ അധികമാരും സംസാരിക്കാത്ത മോഹൻലാലിന്റെ സിനിമകളാണ് തൻ്റെ പേഴ്സണൽ ഫേവറേറ്റ് എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ ആദ്യം പറഞ്ഞത് ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തെ കുറിച്ചാണ്. രണ്ടാമത്തേത് പാദമുദ്ര. ഉൽസവപ്പിറ്റേന്ന് എന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് അധികമാരും ചർച്ചകൾ ചെയ്ത് കണ്ടിട്ടേയില്ല എന്ന് സംവിധായകൻ പറയുന്നു. ഭയങ്കര ബുദ്ധിമുട്ടാണ് ആ കഥാപാത്രം ചെയ്യുവാനെന്നും ലിജോ കൂട്ടിച്ചേർത്തു.
ജോൺ പോളിൻറെ രചനയിൽ ഭരത് ഗോപി സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉൽസവപ്പിറ്റേന്ന്. സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് മോഹൻലാലിനെ തേടിയെത്തി. പാർവതി ജയറാം, ജയറാം, സുകുമാരൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആർ. സുകുമാരൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ് പാദമുദ്ര.
മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്. 1998-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ഈ സിനിമയിലൂടെ നടനെ തേടി എത്തിയിരുന്നു. മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, സീമ, ഉർവശി, രോഹിണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.