നിഹാരിക കെ എസ്|
Last Modified ചൊവ്വ, 5 നവംബര്‍ 2024 (09:46 IST)
തമിഴകത്തെ പ്രിയതാരങ്ങളാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച വിവാഹിതരായ ഇവർക്ക് നിരവധി ആരാധകരാണുള്ളത്. ചെന്നൈ വിട്ട് ഇരുവരും അടുത്തിടെ മുംബൈയിലേക്ക് താമസം മാറിയിരുന്നു. 27 വർഷത്തോളം തനിക്ക് വേണ്ടി സ്വന്തം കുടുംബവും സുഹൃത്തുക്കളും നാടും ഉപേക്ഷിച്ച് ജ്യോതിക ചെന്നൈയിൽ കഴിഞ്ഞുവെന്നും ഇനിയെങ്കിലും താൻ ആ മാറ്റം അങ്ങോട്ടും ചെയ്യണ്ടേ എന്നുമാണ് ഇതിന് സൂര്യ നൽകിയ മറുപടി.
'ജ്യോതിക ചെന്നൈയിലേക്ക് 18ാമത്തെ വയസിലാണ് വരുന്നത്. ഏകദേശം 27 വർഷത്തോളം അവൾ ചെന്നൈയിൽ താമസിച്ചു. 18 വർഷം മുംബൈയിൽ താമസിച്ച അവൾ 27 വർഷവും ചെന്നൈയിലായിരുന്നു. അവൾ എന്നും എന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അതിന് വേണ്ടി അവളുടെ കരിയർ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കൾ, അവളുടെ ബന്ധുക്കൾ, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ചു. എനിക്കും കുടുംബത്തിനുമൊപ്പവും സമയം ചെലവഴിക്കുന്നതിൽ അവൾക്ക് സന്തോഷമായിരുന്നു.
ഇപ്പോൾ 27 വർഷത്തിന് ശേഷം അവൾ മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതെല്ലാം സ്ത്രീയ്ക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാൻ കരുതി', സൂര്യ പറഞ്ഞു.
ഇതിനിടെ മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ നടി ദിശ പദാനിയ്ക്കെതിരെ രംഗത്ത് വന്നു. സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഉടൻ റിലീസിനൊരുങ്ങുന്ന സിനിമയാണ് കങ്കുവ. ഇതിലെ നായിക ദിഷ പടാനിയാണ്. എന്നാൽ 'സൂര്യ തന്നേക്കാൾ ഉയരം കുറഞ്ഞയാളാണെന്ന് പറഞ്ഞ് നടി ദിഷ പടാനി സൂര്യയെ അപമാനിച്ചുവെന്നാണ് ബെയിൽവാൻ പറയുന്നത്. ഇതോടെ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ജ്യോതിക പങ്കെടുത്തിട്ടില്ല.