സുരേഷ് ഗോപിക്ക് എട്ടിന്റെ പണി; സിനിമയില്‍ അഭിനയിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതി വേണ്ടിവരും !

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി

Suresh Gopi Oath Taking Ceremony
Suresh Gopi
രേണുക വേണു| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2024 (09:09 IST)

കേന്ദ്രമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപി പ്രതിസന്ധിയില്‍. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് നിയമതടസമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ആറ് മുതല്‍ പുതിയ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. എന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനത്തിനൊപ്പം അഭിനയവും മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടിവരും.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ചു. മന്ത്രിസ്ഥാനത്തുള്ളവര്‍ അവധി എടുത്താല്‍ പോലും മറ്റു ജോലികള്‍ക്ക് പോകാന്‍ പാടില്ല. അങ്ങനെ പോകണമെങ്കില്‍ പ്രധാനമന്ത്രിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടിവരുമെന്നാണ് പി.ഡി.പി ആചാരി പറഞ്ഞത്.

സിനിമയ്ക്കു വേണ്ടി മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ലെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. ഇതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു അടക്കം കടുത്ത അതൃപ്തിയുണ്ട്. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണ് സിനിമയെന്ന് വോട്ട് ചെയ്തവര്‍ക്കിടയില്‍ സംസാരമുണ്ടാകുകയും അത് അടുത്ത തിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടിയാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വവും ആശങ്കപ്പെടുന്നു.

മാത്രമല്ല കേന്ദ്രമന്ത്രിയായതിനാല്‍ സിനിമാ താരമെന്ന നിലയില്‍ ഉദ്ഘാടനങ്ങള്‍ക്കു പോയി പ്രതിഫലം വാങ്ങാനും സുരേഷ് ഗോപിക്ക് മുന്നില്‍ നിയമതടസമുണ്ട്. കേന്ദ്രമന്ത്രിയായിരിക്കെ പണം വാങ്ങി മറ്റൊരു ജോലി ചെയ്യാന്‍ സുരേഷ് ഗോപിക്ക് സാധിക്കില്ല. ഉദ്ഘാടനങ്ങള്‍ക്കു നടന്‍ എന്ന നിലയിലാണ് വരികയെന്നും അതിനെല്ലാം പ്രതിഫലം വാങ്ങുമെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :