രേണുക വേണു|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (07:58 IST)
നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എബിയായിരുന്നു ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ആദ്യ സിനിമ.
കെ.ജി.ജോര്‍ജ്ജിന്റെ അസിസ്റ്റന്റ് ആയാണ് ശ്രീകാന്ത് മുരളി കരിയര്‍ തുടങ്ങുന്നത്. പിന്നീട് പ്രിയദര്‍ശനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഗ് ബോസ് അടക്കമുള്ള ജനകീയ റിയാലിറ്റി ഷോകള്‍ക്ക് പിന്നിലും ശ്രീകാന്ത് ഉണ്ട്. അങ്ങനെയൊരു റിയാലിറ്റി ഷോയാണ് ശ്രീകാന്ത് മുരളിയേയും സംഗീതയേയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഗായികയായ സംഗീത ശ്രീകാന്തിന്റെ ജീവിതസഖിയാണ്. സംഗീതയും താനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. തങ്ങള്‍ അടുത്തതിനെ കുറിച്ചും പിന്നീട് വിവാഹിതരായതിനെ കുറിച്ചും അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് ഷോയില്‍ ശ്രീകാന്ത് വെളിപ്പെടുത്തു.
ഒരു സംഗീത റിയാലിറ്റി ഷോയുടെ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ശ്രീകാന്ത് മുരളി സംഗീതയെ കണ്ടുമുട്ടുന്നത്. ഈ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു സംഗീത. വീട്ടുകാരുടെ സമ്മതത്തോടെയാണ് പിന്നീട് വിവാഹം നടന്നതെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹ ശേഷമായിരുന്നു പിന്നണി ഗാനരംഗത്തേക്ക് സംഗീത തുടക്കം കുറിച്ചത്. ഛോട്ടാമുംബൈ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യം പാടിയത്. രാഹുല്‍ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
സംഗീതയുമായുള്ള പ്രണയത്തെ കുറിച്ച് ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിട്ടാണ് സംഗീത എത്തിയത്. അങ്ങനെ ആ റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ വെച്ചാണ് സംഗീതയെ കണ്ടുമുട്ടിയത്. ഇഷ്ടപ്പെട്ടതുകൊണ്ട് പ്രണയം അറിയിച്ചു. ഞങ്ങളുടെ ചുറ്റുപ്പാടുകള്‍ തമ്മില്‍ ഒത്തുപോകുന്നത് ആയിരുന്നതിനാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചു.'
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറന്‍സിക്, കക്ഷി അമ്മിണിപിള്ള, ആക്ഷന്‍ ഹീറോ ബിജു, ലൂക്ക, വൈറസ്, ഗാനഗന്ധര്‍വന്‍, മന്ദാരം തുടങ്ങി നിരവധി സിനിമകളില്‍ ശ്രീകാന്ത് മുരളി അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായികയായ സംഗീതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ട് മഹേഷിന്റെ പ്രതികാരത്തിലെ 'തെളിവെയിലഴകും' എന്നതാണ്. ശ്രീകാന്തിനും സംഗീതയ്ക്കും മാധവ് എന്ന് പേരുള്ള മകനുണ്ട്.