ശ്രീക്ക് മ്യൂസിക്കിലൂടെ ഓണപ്പാട്ടുകളുമായി പതിനാലുകാരന്‍ സംഗീതസംവിധാന രംഗത്തേക്ക്
സുബിന്‍ ജോഷി|
Last Updated:
വ്യാഴം, 19 ഓഗസ്റ്റ് 2021 (23:53 IST)
കൌമാരപ്രായം തുടങ്ങുമ്പോഴേക്കും ഇരുത്തംവന്ന സംഗീതജ്ഞനെപ്പോലെ പി. ആനന്ദ് ഭൈരവ് ശര്‍മ്മ. ശ്രീക്ക് മ്യൂസിക്കിനുവേണ്ടി അഞ്ച് ഓണപ്പാട്ടുകള്‍ക്ക് സംഗീതസംവിധാനവും ഓർക്കസ്ട്രേഷൻ നിർവഹിച്ച് വാദ്യോപകരണങ്ങൾ വായിച്ചിരിക്കുകയാണ് പതിനാലുകാരനായ ആനന്ദ്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, സരിത രാജീവ്, സ്വരസാഗര്‍ എന്നിവരാണ് ശ്രീക്ക് മ്യൂസിക്ക് ഓണപ്പാട്ടുകള്‍ 2021 എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗാനങ്ങളുടെ പ്രകാശനം ചിങ്ങം ഒന്നിന് പ്രശസ്ത സംഗീതസംവിധായകനും ആനന്ദിന്റെ നിലവിലുള്ള ഗുരുവുമായ എം. ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ നിര്‍വഹിച്ചു.
ഗാനരചയിതാവായ ശ്രീകാന്ത് എം. ഗിരിനാഥ് ആണ് പാട്ടുകളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചനയില്‍ തന്റെ മാനസഗുരുവായി ആരാധിക്കുന്ന, ഓണപ്പാട്ടുകളിലൂടെ മലയാളികളെ എന്നെന്നും ഉത്സവസ്മരണയിലാറാടിച്ച പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിക്ക് ഈ ഗാനോപഹാരം സമര്‍പ്പിക്കുന്നുവെന്ന് ശ്രീകാന്ത് എം. ഗിരിനാഥ് പറയുന്നു.
കൊല്ലം ശ്രീശ്രീ അക്കാഡമിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആനന്ദ് ശാസ്ത്രീയസംഗീതത്തിനു പുറമേ പതിനൊന്ന് സംഗീതോപകരണങ്ങള്‍ അഭ്യസിക്കുന്നുണ്ട്. മൃദംഗവിദ്വാന്‍ മുഖത്തല എന്‍. പ്രവീണ്‍ ശര്‍മയുടെയും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യയായ സോപാന സംഗീതജ്ഞ ആശയുടെയും മകനാണ് ആനന്ദ്. മാതാപിതാക്കളില്‍ നിന്നും സംഗീതം അഭ്യസിച്ചുതുടങ്ങിയ ആനന്ദിന് വയലിനില്‍ വിദ്വാന്‍ ശശികുമാര്‍ ആണ് ഗുരു. മിക്ക സംഗീതോപകരണങ്ങളും ആനന്ദ് സ്വന്തമായി അഭ്യസിക്കുകയായിരുന്നു.
വിഘ്നേശ്വരാ വൃദ്ധികാരണാ എന്നു തുടങ്ങുന്ന ഗണപതിസ്തുതി വാഗധീശ്വരീ രാഗത്തിലാണ് ആനന്ദ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദിന്റെ ഗുരു പ്രശസ്ത സംഗീത സംവിധായകനായ എം.ജയചന്ദ്രന്‍ ആദ്യം പഠിപ്പിച്ച രാഗമാണിത്. മധു ബാലകൃഷ്ണന്‍ ആലപിച്ച ഉത്രാടപ്പുലരിയില്‍ എന്ന ഗാനം കമാസ് രാഗത്തിലും സ്വരസാഗര്‍ ആലപിച്ച തൊടിയെല്ലാം വാടികളായി... എന്നു തുടങ്ങുന്ന ഗാനം ഹംസധ്വനി രാഗത്തിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹരികാംബോജി രാഗത്തില്‍ തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്, ഓണം വന്നേ പൊന്നോണം വന്നേ എന്നീ രണ്ട് ഗാനങ്ങള്‍ ഈണം നല്‍കിയിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാര്‍, സരിത രാജീവ് എന്നിവരാണ് യഥാക്രമം ഈ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.
വിഘ്‌നേശ്വരാ വൃദ്ധികാരണാ വക്രതുണ്ഡ വിനായക എന്ന ഗണേശ സ്തുതിയോടെയാണ് പാട്ടുകള്‍ ആരംഭിക്കുന്നത്. ഉത്രാടപ്പുലരിയില്‍ ഉഷ മലര്‍ ചൂടി ഉടുത്തൊരുങ്ങി വന്ന ഉദയമേ... എന്ന ഗാനം ഓണക്കാലത്തും വറുതിയിലായ കുഞ്ഞുങ്ങള്‍ക്ക് ഒരു നല്ല ഓണക്കാലം സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ഓണം വന്നേ പൊന്നോണം വന്നേ... പൂവേ പൊലി പാടാന്‍ എല്ലാ പൂക്കളേയും ക്ഷണിക്കുന്ന ഗാനമാണ്. സാധാരണ പൂക്കളമിടാന്‍ ഉപയോഗിക്കാത്ത കൈനാറിപ്പൂവിനെയും പൂക്കളത്തിലേക്ക് ക്ഷണിക്കുന്നതിലൂടെ അകറ്റി നിര്‍ത്തപ്പെടേണ്ടവരായി ആരുമില്ല എന്ന ബഹുസ്വരതയുടെ സന്ദേശമാണ് ഗാനരചയിതാവ് ശ്രീകാന്ത് എം. ഗിരിനാഥ് നമുക്ക് നല്‍കുന്നത്.
തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്.... തിരുവോണ നാളിന്റെ കേളികൊട്ട്.. എന്ന ഗാനത്തിലൂടെ തിരുവോണ ഉത്സവത്തിന്റെ വരവറിയിക്കുന്ന പ്രസിദ്ധമായ തൃക്കാക്കര ആറാട്ടും വള്ളംകളിയും ഓണക്കാല പ്രണയവുമൊക്കെ പ്രതിപാദിക്കുന്നു. ആരും ശ്രദ്ധിക്കാതിരിക്കുകയും പെട്ടെന്ന് ഓണക്കാലമാകുമ്പോള്‍ ചുറ്റിലും പൂന്തോട്ടമാകുന്ന പറമ്പുകളും തുടര്‍ന്നുള്ള ഓണ വിശേഷവുമാണ് തൊടിയെല്ലാം വാടികളായി എന്ന ഗാനം. രാവിലെ കുളിച്ച് ഓണക്കോടിയുമുടുത്ത് മുറ്റത്തെ അത്തപ്പൂക്കളത്തിലേക്ക് പായുന്ന കുട്ടികളുടെയും സദ്യയൊരുക്കാന്‍ തലേദിവസം വരെ തത്രപ്പെടുന്ന വീട്ടുകാരുടെയുമൊക്കെ ആഹ്ലാദം ഈ ഗാനത്തില്‍ തുടിച്ചു നില്‍ക്കുന്നു.
ഗാനങ്ങള്‍ ശ്രീക്ക് മ്യൂസിക്ക് യൂട്യൂബ് ചാനലില്‍ നിന്നും സംഗീതാസ്വാദകര്‍ക്ക് ഓണനാളുകളില്‍ കേള്‍ക്കാവുന്നതാണ്.