Turbo Trailer: 'മൊത്തം വെടിയും പുകയും ആണല്ലോ, മമ്മൂട്ടിക്കമ്പനിയുടെ പേര് പോകുമോ?' ടര്‍ബോ ട്രെയ്‌ലര്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ

Turbo - Mammootty
Turbo - Mammootty
രേണുക വേണു| Last Modified തിങ്കള്‍, 13 മെയ് 2024 (09:24 IST)

Turbo Trailer: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യുടെ ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം. റിലീസ് ചെയ്ത് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ യുട്യൂബില്‍ മാത്രം 20 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ടര്‍ബോ ട്രെയ്‌ലര്‍ സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച അത്ര നിലവാരം ട്രെയ്‌ലറിന് ഇല്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയായിരുന്നു മമ്മൂട്ടിക്കമ്പനിയുടെ മുന്‍ സിനിമകള്‍. വാണിജ്യപരമായും പ്രമേയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളാണ് ഇവ നാലും. ഈ സിനിമകളുടെ നിലവാരത്തിലേക്ക് ടര്‍ബോ എത്തുമോ എന്നാണ് ട്രെയ്‌ലര്‍ കണ്ട ശേഷം മമ്മൂട്ടി ആരാധകരുടെ അടക്കം സംശയം. 'മൊത്തത്തില്‍ വെടിയും പുകയും ആണല്ലോ' എന്നാണ് ട്രെയ്‌ലര്‍ കണ്ട ശേഷം പലരും പ്രതികരിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ ട്രെയ്‌ലറില്‍ സംഘട്ടന രംഗങ്ങളാണ് കൂടുതല്‍. ഇതാണ് പല പ്രേക്ഷകരേയും നിരാശപ്പെടുത്തിയത്. ടര്‍ബോ ജോസ് എന്ന അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. രാജ് ബി ഷെട്ടി, സുനില്‍ എന്നീ തെന്നിന്ത്യന്‍ താരങ്ങളും ചിത്രത്തിലുണ്ട്. ട്രെയ്‌ലറില്‍ രാജ് ബി ഷെട്ടിയുടെ രംഗങ്ങള്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :