അഭിറാം മനോഹർ|
Last Updated:
ഞായര്‍, 14 ജനുവരി 2024 (09:56 IST)
കേരളം എത്രത്തോളം പുരോഗമിച്ചെങ്കിലും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ് സ്ത്രീധന പീഡനവും അതിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും. അടുത്തിടെയും സ്ത്രീധനപീഡനങ്ങള്‍ സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് തന്നെ കേരളത്തെ പോലെ ഒരു സമൂഹത്തിന് അപമാനകരമായ ഒന്നാണ്. ഇപ്പോഴിതാ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീധന സമ്പ്രദായത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.
സ്ത്രീധനം തെറ്റാണെങ്കില്‍ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശവും തെറ്റാണെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. ജീവനാംശവും സ്ത്രീധനം പോലൊരു സംവിധാനമല്ലേ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ഷൈന്‍.
സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക, അല്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാണ്. അതും സ്ത്രീധനം പോലൊരു കാര്യമല്ലെ, കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു. ഡിവോഴ്‌സിന്റെ സമയത്ത് തിരിച്ചുകൊടുക്കുന്നു. എന്തിനാണ് വിവാഹം വേരിപിരിയുമ്പോള്‍ ഭാര്യയ്ക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുന്നെയും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ വരേണ്ടതല്ലെ. ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. ഹൃതിക് റോഷനും ഭാര്യയും വേര്‍പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലെ, അപ്പോള്‍ അതെന്താണ് സംഭവം. ഷൈന്‍ ചോദിക്കുന്നു