സ്വത്തൊക്കെ അടിച്ചുമാറ്റി അദ്ദേഹത്തെ കറിവേപ്പിലയായി പുറത്തിട്ടു എന്നാണ് എല്ലാവരും പറയുന്നത്, ഞാന്‍ ഗോവയ്ക്ക് പോയത് സുഖവാസത്തിനല്ല: കെ.ജി.ജോര്‍ജ്ജിന്റെ ഭാര്യ സെല്‍മ

അവര്‍ വളരെ നന്നായാണ് അദ്ദേഹത്തെ നോക്കിയത്. കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാന്‍ പറ്റില്ലല്ലോ

രേണുക വേണു| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (11:47 IST)

അന്തരിച്ച വിഖ്യാത സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ട് ചില യുട്യൂബ് ചാനലുകളില്‍ വരുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സെല്‍മ ജോര്‍ജ്. സ്വത്തൊക്കെ അടിച്ചുമാറ്റി അദ്ദേഹത്തെ കറിവേപ്പില പോലെ പുറത്തിട്ടു എന്നാണ് എല്ലാവരും പറയുന്നത്. നല്ല സിനിമകള്‍ ഉണ്ടാക്കിയ അദ്ദേഹം അഞ്ച് കാശ് പോലും സിനിമയില്‍ നിന്ന് ഉണ്ടാക്കിയിട്ടില്ലെന്നതാണ് സത്യമെന്ന് സെല്‍മ പറഞ്ഞു. സ്‌ട്രോക്ക് ഉള്ളതിനാല്‍ തനിക്ക് ഒറ്റയ്ക്ക് അദ്ദേഹത്തെ പരിചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതുകൊണ്ടാണ് കെയര്‍ ഹോമില്‍ ആക്കിയതെന്നും സെല്‍മ പറഞ്ഞു.

ഞാന്‍ മകനൊപ്പം ഗോവയിലാണ്. മകള്‍ ദോഹയിലും. ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരുന്നതിനാലാണ് ഞാന്‍ മകനൊപ്പം പോയി നിന്നത്. വളരെ നന്നായി തന്നെയാണ് ഞങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. കെയര്‍ ഹോമില്‍ ആക്കിയത് എന്തിനാണെന്ന് വെച്ചാല്‍ അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ട്. ഫിസിയോ തെറാപ്പി, എക്‌സസൈസ് എന്നിവയ്ക്കും ആളുകളുണ്ട്. എല്ലാംകൊണ്ടും നല്ല സ്ഥലമാണെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ അവിടെ ആക്കിയത്. പക്ഷേ പലരും അതും ഇതുമൊക്കെ പറയുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ വയോജന സ്ഥലത്ത് കൊണ്ടാക്കിയെന്ന്. ആ സ്ഥാപനത്തിലുള്ളവരോടും സിനിമ മേഖലയിലെ എല്ലാവരോടും ചോദിച്ചാലും സത്യാവസ്ഥ അറിയാന്‍ സാധിക്കും. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എനിക്ക് ഒറ്റയ്ക്ക് ഇവിടെ താമസിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് മകന്റെ അടുത്തു പോയത്. പുള്ളിയെ ഞങ്ങള്‍ ഇവിടെ ഒറ്റയ്ക്കിട്ട് പോയെന്നാണ് എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‌ട്രോക്ക് ഉള്ളതുകൊണ്ട് ഒറ്റയ്ക്ക് കുളിപ്പിക്കാനും എടുത്തു കിടത്താനും സാധിക്കില്ല. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് എങ്ങനെയാണ് അതൊക്കെ സാധിക്കുക. അതുകൊണ്ടാണ് സിഗ്നേച്ചറില്‍ (കെയര്‍ ഹോം) കൊണ്ടാക്കിയത്,'

' അവര്‍ വളരെ നന്നായാണ് അദ്ദേഹത്തെ നോക്കിയത്. കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാന്‍ പറ്റില്ലല്ലോ. ആളുകള്‍ ഇപ്പോള്‍ മോശമായാണ് ഓരോന്ന് പറയുന്നത്. ജോര്‍ജ്ജേട്ടന്‍ നല്ല സിനിമകള്‍ കുറേ ഉണ്ടാക്കി. പക്ഷേ അഞ്ച് കാശ് പുള്ളി ഉണ്ടാക്കിയില്ല. പക്ഷേ എല്ലാവരും പറയുന്നത് അദ്ദേഹത്തിന്റെ സ്വത്തൊക്കെ ഞങ്ങള്‍ എടുത്തിട്ട് കറിവേപ്പില പോലെ പുറത്തിട്ടു എന്നാണ്. ഞങ്ങള്‍ക്ക് അതിലൊന്നും പ്രശ്‌നമില്ല. ഞങ്ങള്‍ക്ക് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാന്‍ വളരെ ആത്മാര്‍ഥമായാണ് മരിക്കുന്ന വരെ പുള്ളിയെ നോക്കിയത്. ഞാന്‍ സുഖവാസത്തിനൊന്നും അല്ലല്ലോ ഗോവയില്‍ പോയത്. മകന്റെ ഒപ്പം താമസിക്കാനല്ലേ? എന്നെ നോക്കാന്‍ ഇവിടെ ആരുമില്ലല്ലോ. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും കൂടുതല്‍ കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ വേഗം അങ്ങോട്ട് എടുത്തേക്കണേ എന്ന്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു,' സെല്‍മ ജോര്‍ജ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :